ഖത്തർ ലോകകപ്പിൽ പരിക്കിന്റെ പിടിയിലായിരുന്ന ലൗടാരോ മാർട്ടിനസിനു ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും അർജന്റീന ടീമിനൊപ്പം കിരീടനേട്ടത്തിൽ പങ്കാളിയാവാൻ കഴിഞ്ഞു. ലയണൽ സ്‌കലോണിക്ക് കീഴിൽ അർജന്റീനയുടെ രണ്ടാമത്തെ മികച്ച ഗോൾവേട്ടക്കാരനായ താരം പക്ഷെ ക്ലബ് തലത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്.
കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ ലൗടാരോ മാർട്ടിനസ് നടത്തിയ പ്രകടനം നിർണായകമായിരുന്നു. ഈ സീസണിൽ ടീമിന്റെ നായകനായ താരം ഒന്നുകൂടി തിളക്കമാർന്ന പ്രകടനമാണ് നടത്തുന്നത്. താരത്തിന്റെ മികച്ച പ്രകടനം കൊണ്ടു കൂടിയാണ് ഇത്തവണ സീരി എ കിരീടപ്പോരാട്ടത്തിൽ ഇന്റർ മിലാൻ ഒന്നാം സ്ഥാനത്തു തുടരുന്നത്.
Lautaro Martinez has become the first Inter player this century to score 20+ Serie A goals in three consecutive seasons 🔥⚽️ pic.twitter.com/xxAM4pBnpY
— LiveScore (@livescore) February 16, 2024
കഴിഞ്ഞ ദിവസം സലെർനിറ്റാനയും ഇന്റർ മിലാനും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾ കണ്ടെത്തിയ ലൗടാരോ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. ഇന്റർ മിലാനൊപ്പം 125 ഗോളുകൾ നേടിയ താരം ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ എട്ടാം സ്ഥാനത്താണ്. അർജന്റീനയുടെ തന്നെ താരവും മുൻ ഇന്റർ മിലാൻ നായകനുമായ മൗറോ ഇകാർഡിയെയാണ് ലൗടാരോ മറികടന്നത്.
അതിനു പുറമെ ഈ സീസണിൽ ഇരുപതിലധികം ഗോളുകൾ നേടിക്കഴിഞ്ഞ താരം ഇന്റർ മിലാന്റെ ചരിത്രത്തിൽ തുടർച്ചയായ മൂന്നു സീസണുകളിൽ ഇരുപതിലധികം ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമാണ്. അതിനു പുറമെ കഴിഞ്ഞ അറുപതു വർഷത്തിനിടയിൽ 23 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടിയ രണ്ടാമത്തെ ഇന്റർ താരവുമാണ് ലൗടാരോ മാർട്ടിനസ്.
കഴിഞ്ഞ കുറച്ചു സീസണുകളായി ഏറ്റവും മികച്ച ഫോമിലാണെങ്കിലും ലൗടാരോ മാർട്ടിനസിനു വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നതിൽ സംശയമില്ല. ഇറ്റാലിയൻ ലീഗിലായതു കൊണ്ടാണതെന്നാണ് അനുമാനിക്കേണ്ടത്. താരത്തെ സ്വന്തമാക്കാൻ ക്ലബുകൾ ശ്രമം നടത്തുന്നുമുണ്ട്. എന്തായാലും ലൗടാരോയുടെ ഈ പ്രകടനവും മികച്ച മനോഭാവവുമെല്ലാം അർജന്റീനയുടെ കോപ്പ അമേരിക്ക പ്രതീക്ഷകൾ ഉയർത്തുന്നതാണ്.
Lautaro Martinez Set New Records With Inter Milan