ബാഴ്‌സലോണയിലെത്തിയിട്ടു വെറും രണ്ടു മാസം, ക്ലബിന്റെ ലീഡറായി മാറി റോബർട്ട് ലെവൻഡോസ്‌കി

ഒട്ടനവധി സങ്കീർണതകളെ മറികടന്നാണ് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. ഒരു വർഷം മാത്രമേ കരാർ ബാക്കിയുള്ള ലെവൻഡോസ്‌കിയെ വിട്ടുകൊടുക്കില്ലെന്ന തീരുമാനമാണ് ആദ്യം ബയേൺ മ്യൂണിക്ക് എടുത്തെങ്കിലും ഒടുവിൽ താരത്തിന്റെ സമ്മർദ്ദത്തിനു മുന്നിൽ അവർ വഴങ്ങുകയായിരുന്നു. അമ്പതു മില്യൺ യൂറോയാണ് ബാഴ്‌സലോണ താരത്തിനായി മുടക്കിയത്.

പരിശീലകനായ സാവിയുടെ പദ്ധതികളിൽ ആകൃഷ്ടനായി ബാഴ്‌സലോണയിലേക്ക് ചേക്കേറിയ റോബർട്ട് ലെവൻഡോസ്‌കി വളരെ പെട്ടന്നു തന്നെ ക്ലബിനോട് ഇണങ്ങിച്ചേർന്നിട്ടുണ്ട്. സീസണിൽ അഞ്ചു മത്സരങ്ങൾ കളിച്ച താരം ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയ പ്ലെസനെതിരെ നേടിയ ഹാട്രിക്ക് ഉൾപ്പെടെ എട്ടു ഗോളുകളാണ് നേടിയത്. പുതിയൊരു ക്ലബ്ബിലേക്ക് ചേക്കേറി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ ഗോളടിവേട്ട തുടങ്ങിയ പോളണ്ട് താരം ഈ സീസണിൽ ബാഴ്‌സലോണയുടെ കിരീടപ്രതീക്ഷകൾ സജീവമാക്കുന്നു.

ഗോളുകൾ നേടുന്നതിനു പുറമെ ബാഴ്‌സലോണ ടീമിന്റെ ലീഡറായും ഈ ചുരുങ്ങിയ കാലം കൊണ്ട് ലെവൻഡോസ്‌കിക്ക് മാറാൻ കഴിഞ്ഞു. ടീമിലെ പ്രായം കൂടിയ താരങ്ങളിൽ ഒരാളായ ലെവൻഡോസ്‌കി മത്സരത്തിനിടെ എല്ലായിപ്പോഴും ടീമിലെ മറ്റു താരങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാറുണ്ട്. ഇതിനു പുറമെ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഹൃദയം തുറന്ന് അഭിനന്ദിക്കാനും ലെവൻഡോസ്‌കി മടിക്കാറില്ല. പോളണ്ട് താരം ബാഴ്‌സലോണ ഡ്രസിങ് റൂമിലെ എല്ലാവരുടെയും മതിപ്പു നേടിയെന്നത് മത്സരം കാണുമ്പോൾ തന്നെ വ്യക്തമാവാറുണ്ട്.

പ്രതിഭയുള്ള നിരവധി യുവതാരങ്ങൾ അടങ്ങിയ ബാഴ്‌സലോണ ടീമിൽ നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള ലെവൻഡോസ്‌കി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. വളരെ മികച്ച ഗോളുകൾ നേടി ടീമിനെ മുന്നിൽ നിന്നു നയിക്കുന്ന താരം ടീമിലെ ഓരോ കളിക്കാരുടെയും ആത്മവിശ്വാസം വളരെയധികം വർധിപ്പിക്കുന്നു. മത്സരത്തിന്റെ ഗതി മനസിലാക്കി ടീമിന്റെ തന്ത്രങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളടക്കം താരം കളിക്കളത്തിൽ നടത്തുന്ന കൃത്യമായ ഇടപെടലുകൾ താരങ്ങളിലും ആരാധകരിലും വളരെ മതിപ്പുണ്ടാക്കുന്നുണ്ട്.

തന്റെ പദ്ധതികളിലെ പ്രധാനിയായി സാവി ലെവൻഡോസ്‌കിയെ തന്നെയാണ് ആദ്യം മുതൽ പരിഗണിച്ചിരുന്നത്. ടീമിൽ എത്തിയതിനു ശേഷം പ്രതീക്ഷിച്ചതിലും കൂടുതൽ നൽകാൻ താരത്തിനു കഴിയുകയും ചെയ്‌തു. നിലവിൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും ടോപ് സ്കോററായി നിൽക്കുന്ന ലെവൻഡോസ്‌കിയുടെ മികവുകൾ ഈ സീസണിൽ ബാഴ്‌സയ്ക്ക് കിരീടപ്രതീക്ഷകൾ നൽകുന്നതിനൊപ്പം ഭാവിയിലെ താരങ്ങളെ വാർത്തെടുക്കാൻ സഹായിക്കുന്നതു കൂടിയാണ്.

FC BarcelonaRobert LewandowskiXavi
Comments (0)
Add Comment