ഇതുപോലെയൊരു അസിസ്റ്റ് നൽകാൻ വേറെയാർക്ക് കഴിയും, ലയണൽ മെസിയുടെ മാന്ത്രികത വീണ്ടും | Lionel Messi

ഓരോ മത്സരം കഴിയുമ്പോഴും ആരാധകർക്ക് അവിശ്വസനീയമായ ഓരോ അനുഭവം നൽകുന്ന ലയണൽ മെസി കഴിഞ്ഞ ദിവസം വീണ്ടുമത് ആവർത്തിച്ചു. ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം ആങ്കേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ പിഎസ്‌ജി വിജയം നേടിയപ്പോൾ രണ്ടു ഗോളുകൾ നേടിയത് എംബാപ്പയായിരുന്നു. എന്നാൽ ആ രണ്ടു ഗോളുകളേക്കാൾ മനോഹരമായിരുന്നു ലയണൽ മെസി രണ്ടാമത്തെ ഗോളിന് നൽകിയ അസിസ്റ്റ്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്.

ഒൻപതാം മിനുട്ടിൽ തന്നെ എംബാപ്പെ പിഎസ്‌ജിയെ മുന്നിലെത്തിച്ചു. ബെർണറ്റിന്റെ അസിസ്റ്റിലാണ് എംബാപ്പെ വല കുലുക്കിയത്. അതിനു ശേഷം ഇരുപത്തിയാറാം മിനുട്ടിൽ മെസിയുടെ അസിസ്റ്റിൽ എംബാപ്പെ ഒരിക്കൽക്കൂടി ഗോൾ നേടി. മത്സരത്തിൽ ആധിപത്യം ഉണ്ടായിരുന്നെങ്കിലും അതിനു ശേഷം പിഎസ്‌ജിക്ക് ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ല. അതിനു ശേഷം മത്സരം അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെ സദാ തീയൂബ്‌ ആണ് ആങ്കേഴ്‌സിന്റെ ആശ്വാസഗോൾ നേടിയത്.

എംബാപ്പയുടെ രണ്ടാമത്തെ ഗോളിനായി അതിമനോഹരമായ അസിസ്റ്റാണ് ലയണൽ മെസി നൽകിയത്. വിങ്ങിലൂടെ ബോക്‌സിനരികിലേക്ക് റൺ നടത്തുന്ന എംബാപ്പയെ മധ്യവരക്കടുത്തു നിന്നുമുള്ള പാസിലൂടെയാണ് മെസി കണ്ടെത്തിയത്. മെസിയുടെ വിഷനും കില്ലർ പാസുകൾ നൽകാനുള്ള കഴിവും ഒരിക്കൽക്കൂടി തെളിയിച്ച അസിസ്റ്റ് ആയിരുന്നുവത്. എന്നാൽ ലയണൽ മെസിയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം താരം എന്നുമിത് ചെയ്യുന്നത് അവർ കാണാറുണ്ടാകും.

മര്ധസരത്തിൽ തൊണ്ണൂറു മിനുട്ടും കളിച്ച ലയണൽ മെസി കളി മെനയാനാണ് കൂടുതൽ ശ്രമിച്ചത്. അതുകൊണ്ടു തന്നെ രണ്ടു ഷോട്ടുകൾ മാത്രമേ താരം ഗോളിലേക്ക് ഉതിർത്തുള്ളൂ. അതേസമയം മൂന്നു കീ പാസുകൾ മെസി മത്സരത്തിൽ നൽകി. എംബാപ്പെ നേടിയ ആദ്യ ഗോളിലേക്ക് ബെർനറ്റിനു നൽകിയ മനോഹരമായ കീ പാസും ഇതിൽ ഉൾപ്പെടുന്നു. അതിനു പുറമെ ഒരു സുവർണാവസരം മെസി മത്സരത്തിൽ സൃഷ്‌ടിക്കുകയും ചെയ്‌തു.

മത്സരത്തിൽ വിജയം നേടിയതോടെ ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് പിഎസ്‌ജി ഒന്നുകൂടി അടുത്തു. ഈ സീസണിൽ പിഎസ്‌ജിക്ക് സ്വന്തമാക്കാൻ സാധ്യമായ ഒരേയൊരു കിരീടമാണിത്. 32 മത്സരങ്ങളിൽ നിന്നും പിഎസ്‌ജിക്ക് 75 പോയിന്റുള്ളപ്പോൾ 31 മത്സരങ്ങളിൽ നിന്നും 64 പോയിന്റുമായി മാഴ്‌സ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി ലെൻസ്, മൊണോക്കോ എന്നീ ടീമുകളും മത്സരിക്കുന്നുണ്ട്.

Lionel Messi Assist To Mbappe Against Angers

Kylian MbappeLionel MessiPSG
Comments (0)
Add Comment