ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമായി ഉയരുന്ന ഈ സമയത്ത് ഇന്നു പുറത്തു വന്ന വാർത്ത ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ലയണൽ മെസി സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന കാര്യം ഉറപ്പായിയെന്നും താരത്തിന് സീസണിൽ അഞ്ഞൂറ് മുതൽ അറുനൂറു മില്യൺ വരെ പ്രതിഫലമായി നൽകുന്ന കരാർ പൂർത്തിയായി എന്നുമാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ വിശദീകരണവുമായി താരത്തിന്റെ പിതാവും ഏജന്റുമായ ജോർജ് മെസി തന്നെ രംഗത്തു വന്നിട്ടുണ്ട്.
“അടുത്ത സീസണിലേക്കായി ഒരു ക്ലബുമായും യാതൊന്നും അംഗീകരിച്ചിട്ടില്ല. ഈ സീസണിന്റെ അവസാനമാണ് അക്കാര്യങ്ങളെല്ലാം തീരുമാനിക്കുക. പിഎസ്ജിയുടെ കൂടെയുള്ള ഈ സീസൺ കഴിയുന്നത് വരെ യാതൊന്നും തീരുമാനിക്കാൻ പോകുന്നില്ല. ലയണൽ മെസിയുടെ പേര് വളരെയധികം ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ യാതൊന്നും ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾക്ക് ഉറപ്പു നൽകാൻ കഴിയും.” മെസിയുടെ പിതാവ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.
❗️❗️❗️ Messi's father Jorge on Instagram: "There is nothing with any club for next season. The decision will not be made until the end of the season." 🇦🇷 pic.twitter.com/odu2ypUww3
— barcacentre (@barcacentre) May 9, 2023
“വാക്കാലുള്ള ഒരു കരാർ പോലും ഉണ്ടായിട്ടില്ലെന്നും ഈ സീസൺ കഴിയുന്നത് വരെ അതൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന കാര്യം ഉറപ്പാണ്. ഒരുപാട് വ്യാജവാർത്തകൾ ചുറ്റിനും ഉണ്ടാകുന്നു. ഈ മാധ്യമങ്ങൾ പൊതുജനങ്ങളോട് പറയുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവവുമില്ല. ഇതൊരു അപമര്യാദ കൂടിയാണെന്നു അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ജോർജ് മെസി കൂട്ടിച്ചേർത്തു.
സൗദി അറേബ്യൻ ക്ലബിലേക്കുള്ള മെസിയുടെ കരാർ ധാരണയായെന്ന വാർത്തകളെ പൂർണമായും തള്ളുന്നതാണ് പിതാവിന്റെ വെളിപ്പെടുത്തൽ. പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ട് ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന മെസി ബാഴ്സലോണയെയാണ് പരിഗണിക്കുന്നത്. അത് നടന്നില്ലെങ്കിൽ മാത്രമാകും മെസി മറ്റു ക്ലബുകളെ പരിഗണിക്കുന്നത്.
Lionel Messi Father Release Statement About Transfer Rumours