ബ്രസീലിനെതിരെ കഴിഞ്ഞ നവംബറിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീന പരിശീലകനായ ലയണൽ സ്കലോണി ഒരു ബോംബ് പൊട്ടിച്ചിരുന്നു. അർജന്റീന പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും കൂടുതൽ ഊർജ്ജസ്വലനായ ഒരാളെയാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം സ്ഥാനമൊഴിയുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് നൽകിയത്.
ആരും പ്രതീക്ഷിക്കാത്ത സമയത്താണ് സ്കലോണി അതു പറഞ്ഞതെന്നതിനാൽ വലിയ ചർച്ചകൾ അതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലയണൽ മെസിക്ക് കൂടുതൽ അധികാരമുള്ളതാണ് സ്കലോണി ഇത്തരമൊരു തീരുമാനം എടുത്തതിനു പിന്നിലെന്നു വരെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താൻ ടീമിനൊപ്പം തുടരാൻ തീരുമാനിച്ചതിൽ മെസിയുടെ സ്വാധീനം ഉണ്ടായിരുന്നുവെന്നാണ് സ്കലോണി പറയുന്നത്.
Lionel Messi Key in Decision To Remain Argentina Boss, Says Manager Lionel Scaloni@Argentina #Argentina https://t.co/axlJRqSYi0
— LatestLY (@latestly) March 22, 2024
“ഞാൻ ലയണൽ മെസിയുമായും മറ്റു താരങ്ങളുമായും സംസാരിച്ചിരുന്നു. ലയണൽ മെസിയുടെ കാര്യത്തിൽ അദ്ദേഹമാണ് ടീമിന്റെ നായകൻ, അദ്ദേഹം പ്രതിനിധീകരിക്കുന്ന കാര്യങ്ങളും പ്രധാനമായിരുന്നു. ഞാൻ ഇപ്പോൾ പോകുന്നില്ല, ഭാവിയിലേ അതുണ്ടാകൂവെന്ന് എല്ലാവരും പറഞ്ഞ ദിവസമായിരുന്നു അത്. മെസി എന്നെ വളരെ മികച്ച രീതിയിലാണ് സ്വീകരിച്ചത്.”
“ഡി മരിയ, ലൗടാരോ മാർട്ടിനസ് തുടങ്ങി മറ്റു താരങ്ങളോടും ഞാൻ സംസാരിച്ചിരുന്നു, എനിക്ക് സംസാരിക്കേണ്ടതുണ്ടെന്ന് തോന്നിയവരോട്. ഞാൻ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒട്ടമെൻഡി, ഡി പോൾ തുടങ്ങിയവരോടെല്ലാം. ആദ്യത്തെ ദിവസം മുതൽ എനിക്കൊപ്പം ഉണ്ടായിരുന്നവരോട് സംസാരിച്ച് അവരുടെ അഭിപ്രായം എനിക്കറിയണമായിരുന്നു.” സ്കലോണി പറഞ്ഞു.
സ്കലോണിയുടെ ആ തീരുമാനത്തിൽ മാറ്റമുണ്ടായെങ്കിലും നിലവിൽ കോപ്പ അമേരിക്ക വരെയേ അദ്ദേഹം പരിശീലകനായി ഉണ്ടാവുകയുള്ളൂവെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ ആരാധകരെ സംബന്ധിച്ച് അടുത്ത ലോകകപ്പ് വരെ സ്കലോണി തന്നെ പരിശീലകനായി ഉണ്ടാകണമെന്നാണ്. സ്കലോണിയുടെ തന്ത്രങ്ങളിൽ ആരാധകർക്ക് അത്രയധികം വിശ്വാസമാണ്.
Lionel Messi Influence His Decision Says Scaloni