കൊളംബിയൻ ആരാധകർ വരെ മെസിക്കു വേണ്ടി ആർപ്പു വിളിച്ചു, ലോകത്തിന്റെ മുഴുവൻ സ്നേഹം താരം നേടിയെന്ന് ബ്രസീലിയൻ ഇതിഹാസം

കൊളംബിയയെ കീഴടക്കി അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ലയണൽ മെസിയെക്കുറിച്ച് ഹൃദയസ്‌പർശിയായ വാക്കുകളുമായി ബ്രസീലിയൻ ഇതിഹാസം കക്ക. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പരിക്കേറ്റ മെസി കളിക്കളത്തിൽ നിന്നും മടങ്ങിയപ്പോൾ കൊളംബിയൻ ആരാധകർ വരെ താരത്തിന് പിന്തുണ നൽകിയതിനെക്കുറിച്ച് കക്ക പരാമർശിച്ചു.

“മെസി തന്റെ തലയുയർത്തി നോക്കി താനാരാണെന്ന് സ്വയം മനസിലാക്കേണ്ടതുണ്ട്. മെസിക്ക് താൻ മെസിയാണെന്ന് അറിയില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്, ഇന്ന് ഞാനത് ശരിക്കും കാണുകയുണ്ടായി. എട്ടു ബാലൺ ഡി ഓറും ഒരു ലോകകപ്പും അഞ്ചു ഗോൾഡൻ ബോളും നേടിയിട്ടുള്ള മെസി ചരിത്രത്തിൽ തന്നെ ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയ ഫുട്ബോൾ താരമാണ്.”

“എന്നാൽ ഒരു മത്സരത്തിൽ കളിക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം കരയുകയായിരുന്നു, എന്തൊരു ഗംഭീര മനോഭാവം. ആരാധകർ ചെയ്‌തതും മറക്കാൻ കഴിയില്ല. അർജന്റീന ആരാധകർ മാത്രമല്ല, കൊളംബിയക്കാരും. മെസി കരയുന്നത് കണ്ടപ്പോൾ അവർ താരത്തിന്റെ പേര് ചൊല്ലി വിളിക്കാൻ തുടങ്ങി. അഭിമാനിക്കാൻ കഴിയുന്ന കാര്യമാണത്, മെസി ലോകത്തിന്റെ സ്നേഹം മുഴുവൻ നേടിക്കഴിഞ്ഞു.” കക്ക പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പരിക്കേറ്റു പിൻവാങ്ങിയതിനു ശേഷം ബെഞ്ചിലിരുന്ന് മെസി പൊട്ടിക്കരഞ്ഞിരുന്നു. നിർണായകമായ ഒരു മത്സരത്തിൽ തന്റെ ടീമിനെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് താരത്തിന് വേദനയുണ്ടാക്കിയത്. എന്നാൽ മത്സരത്തിന്റെ അവസാനം അതൊരു വലിയ ചിരിയിലേക്ക് വഴിമാറി.

അർജന്റീന ആരാധകർ മെസിക്ക് വേണ്ടി തന്നെയാണ് ഫൈനലിൽ പോരാടിയത്. തന്റെ ടീമിന്റെയും ലോകത്തിന്റെയും സ്നേഹം മെസി നേടിക്കഴിഞ്ഞു. അതുകൊണ്ടാണ് മെസിക്ക് വേണ്ടി അവസാനം വരെ പൊരുതാൻ സഹതാരങ്ങളെല്ലാം തയ്യാറാകുന്നത്. ചരിത്രത്തിൽ തന്നെ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു ഫുട്ബോൾ താരമുണ്ടാകാൻ സാധ്യത കുറവാണ്.

Copa America 2024KakaLionel Messi
Comments (0)
Add Comment