ഇത് സംഭവിച്ചാൽ ലയണൽ മെസി പിഎസ്‌ജിയിൽ തുടരും, സാധ്യതകൾ ഇങ്ങിനെ | Lionel Messi

ലയണൽ മെസി പിഎസ്‌ജി വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. ലോകകപ്പിന് പിന്നാലെ ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് സംഭവിച്ചില്ല. ലോകകപ്പിന് ശേഷം പിഎസ്‌ജി ആരാധകർ മെസിക്കെതിരെ തിരിഞ്ഞതും ചാമ്പ്യൻസ് ലീഗ് തോൽവിയുടെ ഉത്തരവാദിത്വം ആരോപിച്ച് കൂക്കി വിളിച്ചതെല്ലാമാണ് ലയണൽ മെസിയുടെ തീരുമാനത്തിന് പിന്നിലെ കാരണം.

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രീ ഏജന്റാകുന്ന താരത്തെ സ്വന്തമാക്കാൻ കാറ്റലൻ ക്ലബ് ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ മെസി പിഎസ്‌ജിയിൽ തന്നെ തുടരാനുള്ള സാധ്യതകൾ ഇപ്പോഴുമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാറ്റലൂണിയൻ മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമേറോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ സീസണിന് മുൻപ് ബാഴ്‌സലോണയിലേക്ക് തന്നെ തിരിച്ചെത്തിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കണമെന്നാണ് ലയണൽ മെസി പറഞ്ഞിരിക്കുന്നത്. ഈ സീസൺ അവസാനിക്കുന്നതിനു മുൻപ് എവിടെ കളിക്കണമെന്ന കാര്യത്തിൽ മെസിക്ക് വ്യക്തത വേണം. ബാഴ്‌സലോണയ്ക്ക് തന്നെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ലയണൽ മെസി പിഎസ്‌ജിയിൽ തന്നെ തുടരാനാണ് സാധ്യത. യൂറോപ്പ് വിടാൻ താരത്തിന് ഉദ്ദേശമില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് ഒരുപാട് സങ്കീർണ്ണതകൾ മറികടന്നു മാത്രമേ ലയണൽ മെസിയെ ടീമിലെത്തിക്കാൻ കഴിയൂ. ടീമിലെ ചില താരങ്ങളെ ഒഴിവാക്കി വേതനബ്ബിൽ കുറക്കുകയും പുതിയ സ്‌പോൺസർഷിപ്പ് കരാറുകൾ ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ് ബാഴ്‌സയുടെ പദ്ധതി. അതുമായി ക്ലബ് മുന്നോട്ടു പോകുന്നുണ്ടെങ്കിലും ലാ ലിഗ നേതൃത്വം ബാഴ്‌സയ്ക്ക് പണി കൊടുക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം പിഎസ്‌ജിക്ക് ലയണൽ മെസി തുടരണമെന്ന നിലപാടാണുള്ളത്. നിലവിൽ ക്ലബിനൊപ്പം അർജന്റീന താരം മികച്ച പ്രകടനം നടത്തുന്നുണ്ട്, എംബാപ്പയുമായി മികച്ച ഒത്തിണക്കവും മെസി കാത്തു സൂക്ഷിക്കുന്നു. എന്നാൽ പിഎസ്‌ജി ആരാധകരുടെ പ്രതിഷേധം നിരാശപ്പെടുത്തിയതു കൊണ്ട് താരം ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.

Lionel Messi May Continue With PSG Next Season

FC BarcelonaLionel MessiPSG
Comments (0)
Add Comment