അധിക്ഷേപങ്ങൾ ഇനി സഹിക്കാൻ കഴിയില്ല, കടുത്ത തീരുമാനവുമായി ലയണൽ മെസി | Lionel Messi

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ സീസണിൽ മോശം പ്രകടനം നടത്തിയ മെസിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഈ സീസണിന്റെ തുടക്കത്തിൽ നടത്തിയ മികച്ച പ്രകടനം അതിനെല്ലാം മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ ഖത്തർ ലോകകപ്പോടെ ആരാധകർ വീണ്ടും മെസിക്കെതിരെ തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത് എന്നതാണ് അതിനുള്ള പ്രധാന കാരണം.

ക്ലബിന്റെ അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര ചെയ്‌തതിനെ തുടർന്ന് ലയണൽ മെസിക്കെതിരെ ക്ലബ് നടപടി സ്വീകരിച്ചതിന്റെ പിന്നാലെ ആരാധകരുടെ പ്രതിഷേധം ഒന്നുകൂടി ശക്തി പ്രാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിഎസ്‌ജിയുടെ ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയ ഒരുകൂട്ടം ആരാധകർ ലയണൽ മെസിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും താരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ഈ പ്രതിഷേധത്തിൽ നിന്നും ലയണൽ മെസി ഇനി കളിക്കാനിറങ്ങുമ്പോഴും ആരാധകരുടെ അധിക്ഷേപം സഹിക്കേണ്ടി വരുമെന്നുറപ്പാണ്. എന്നാൽ അതിനു മെസി തയ്യാറല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സസ്‌പെൻഷൻ കഴിഞ്ഞതിനു ശേഷമുള്ള മത്സരങ്ങൾ മെസി കളിക്കണമെന്നാണ് പിഎസ്‌ജിയുടെ ആവശ്യം. എന്നാൽ ലയണൽ ആരാധകരുടെ പ്രതിഷേധത്തിൽ രോഷാകുലനായി നിൽക്കുന്ന മെസി ഇനി പിഎസ്‌ജിക്ക് വേണ്ടി കളിക്കാനിറങ്ങിയേക്കില്ല.

ലയണൽ മെസിയെ സംബന്ധിച്ച് ഇനിയുള്ള പ്രധാന ലക്‌ഷ്യം ഒരു ക്ലബ്ബിനെ കണ്ടെത്തുകയാണ്. അടുത്ത സീസണിൽ പിഎസ്‌ജിയിൽ ഉണ്ടാകില്ലെന്ന് മെസി നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞതാണ്. ബാഴ്‌സലോണയിലേക്ക് ചേക്കേറുക എന്നതാണ് മെസിയുടെ പ്രധാനപ്പെട്ട ലക്ഷ്യമെങ്കിലും അവർക്കത് നടപ്പിലാക്കാൻ കഴിയുമോയെന്നത് സംശയമാണ്. എങ്കിലും ലയണൽ മെസിയെ സ്വന്തമാക്കാൻ ഓഫറുകൾ നിരവധിയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.

Lionel Messi May Not Play For PSG Again

Lionel MessiPSG
Comments (0)
Add Comment