ലയണൽ മെസിയെ സംബന്ധിച്ച് ഖത്തർ ലോകകപ്പിലെ വിജയം തന്റെ കരിയറിന് നൽകിയ പൂർണത മാത്രമല്ല, മറിച്ച് കോടിക്കണക്കിനു അർജന്റീനയിലെയും ലോകത്തേയും ആരാധകരുടെ മനസിൽ എക്കാലവും തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ച സംഭവം കൂടിയാണ്. മുപ്പത്തിയാറു വർഷങ്ങളായുള്ള അർജന്റീന ആരാധകരുടെ കാത്തിരിപ്പാണ് ഫ്രാൻസിനെ തോൽപ്പിച്ച് ഖത്തറിൽ കിരീടം നേടിയതിലൂടെ ലയണൽ മെസി സാക്ഷാത്കരിച്ചത്. മുൻപ് അർജന്റീന കിരീടനേട്ടങ്ങളില്ലാതെ ബുദ്ധിമുട്ടിയ സമയത്തും നിരവധി ഫൈനലുകളിൽ കീഴടങ്ങേണ്ടി വന്നപ്പോഴും ദേശീയ ടീമിനോടുള്ള ലയണൽ മെസിയുടെ ആത്മാർത്ഥതയെ സംശയിച്ചവർ തന്നെ ഇപ്പോൾ താരത്തിന് വലിയ പിന്തുണയുമായി രംഗത്തു വന്നിട്ടുമുണ്ട്.
ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീന ടീമിന്റെ വെറുമൊരു ഭാഗം മാത്രമായിരുന്നില്ല ലയണൽ മെസി. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ടീമിനെ എങ്ങിനെ മുന്നോട്ടു നയിക്കണമെന്ന കാര്യത്തിൽ വ്യക്തതയുള്ള നായകൻ കൂടിയായിരുന്നു. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഈ ലോകകപ്പിൽ മെസി അർജന്റീനക്കായി നേടിയത്. ഫൈനലിൽ നേടിയ രണ്ടു ഗോളുകളും ഇതിൽ ഉൾപ്പെടുന്നു. ലയണൽ മെസി നൽകിയ അവസരങ്ങൾ സഹതാരങ്ങൾ കൃത്യമായി ഉപയോഗിച്ചിരുന്നു എങ്കിൽ അർജന്റീനയുടെ ലോകകപ്പ് വിജയം ഇതിനേക്കാൾ കൂടുതൽ ആധികാരികമായി മാറുമായിരുന്നു എന്നതിനൊപ്പം താരത്തിന്റെ വ്യക്തിഗത പ്രകടനവും കൂടുതൽ മികച്ചതായേനെ.
അതിനിടയിൽ അർജന്റീനക്ക് ലോകകപ്പ് വിജയം നേടിക്കൊടുത്ത ലയണൽ മെസിയെ രാജ്യത്തിന്റെ പ്രസിഡന്റ് ആക്കണമെന്നാണ് ആരാധകരിൽ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. അർജന്റീനിയൻ മാധ്യമമായ ജിയാകോബ് ആൻഡ് അസോസിയേറ്റ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത 43.7 ശതമാനം പേരും ഇതു ശരിയായ തീരുമാനമാണെന്ന് വ്യക്തമാക്കുന്നു. 37.8 ശതമാനം പേർ ഇതിനെ പ്രതികൂലിക്കുമ്പോൾ 17.5 ശതമാനം പേർ ഇതിനു അനുകൂലമോ പ്രതികൂലമോ അല്ലാത്ത രീതിയിലാണ് പ്രതികരിച്ചത്.
Would you vote for Messi as president of Argentina?
— Luis Mazariegos (@luism8989) December 28, 2022
More people saying yes than no pic.twitter.com/4Ez5VhBbTY
ഇതിനു പുറമെ രണ്ടാമതൊരു പോൾ കൂടി അവർ നടത്തുകയുണ്ടായി. നിലവിലെ പ്രസിഡന്റ് മത്സരാർത്ഥികളിൽ എല്ലാവരെയും മെസി പിന്നിലാക്കിയെന്നതാണ് അതിലെ പ്രധാനപ്പെട്ട കാര്യം. ലയണൽ മെസിക്ക് 36.7 ശതമാനം വോട്ടാണ് ഇതിൽ ലഭിച്ചത്. നിലവിലെ അർജന്റീനിയൻ പ്രസിഡന്റായ ആൽബർട്ടോ ഫെർണാണ്ടസിന് 1.3 ശതമാനം മാത്രം വോട്ടു ലഭിച്ചപ്പോഴാണ് ലയണൽ മെസിക്ക് ഇത്രയും വോട്ട് ലഭിച്ചത്. അർജന്റീനയിലെ ജനങ്ങൾക്കിടയിൽ ദേശീയ ഫുട്ബോൾ ടീമിന്റെ നായകനായ ലയണൽ മെസി അത്രയും സ്വീകാര്യനായി എന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്.
Messi is currently leading opinion polls for president of Argentina. No, not joking. pic.twitter.com/Fc3DzQ3aE3
— Luis Mazariegos (@luism8989) December 28, 2022
ഒരു കാലത്ത് കളിക്കളത്തിൽ നാണം കുണുങ്ങിയായ താരമായിരുന്നു മെസിയെങ്കിലും ഇക്കഴിഞ്ഞ ലോകകപ്പിൽ താരം അതിൽ നിന്നുമെല്ലാം മാറിയിട്ടുണ്ടെന്നു വ്യക്തമാണ്. എതിരാളികളോട് കയർക്കാനും തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടാനും വിമർശനം ഉയരുമ്പോൾ അതിനോട് ശക്തമായ ഭാഷയിൽ പ്രതികരിക്കാനുമെല്ലാം അറിയാവുന്ന ലയണൽ മെസിയുടെ മറ്റൊരു രൂപമാണ് ലോകകപ്പിൽ കണ്ടത്. ടീമിനെ മുന്നിൽ നിന്നു നയിക്കാൻ കഴിയുന്ന നായകന് രാജ്യത്തെയും നയിക്കാൻ കഴിയുമെന്നത് ആരാധകർ ചിന്തിക്കുന്നതിൽ തെറ്റില്ലെങ്കിലും മെസി രാഷ്ട്രീയത്തിലേക്ക് വരാൻ യാതൊരു സാധ്യതയുമില്ല.
lionel messi most popular candidate in argentina next president poll