ഖത്തർ ലോകകപ്പ് വിജയത്തിൽ കിരീടം നേടിയ അർജന്റീന ടീമിന്റെ നായകനായ ലയണൽ മെസിക്ക് കിരീടം സമ്മാനിക്കുന്നതിനു മുൻപ് ഖത്തർ അമീർ ബിഷ്ത് എന്ന മേൽവസ്ത്രം അണിയിച്ചത് വളരെയധികം ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ലോകകപ്പ് വിജയം നേടിയ ടീമിന്റെ നായകനായ മെസിയുടെ ജേഴ്സി മറയുന്ന തരത്തിൽ ആ വസ്ത്രം അണിയിച്ചത് തീർത്തും അനുചിതമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം യുദ്ധത്തിൽ വിജയം നേടി വരുന്ന പോരാളികളെ അണിയിക്കുന്നതാണ് ഈ വസ്ത്രമെന്നും അതുകൊണ്ടു തന്നെ അത് മെസിയെ അണിയിച്ചതിൽ യാതൊരു കുഴപ്പവുമില്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചവരുമുണ്ട്.
ഖത്തർ അമീർ അണിഞ്ഞു നൽകിയ വസ്ത്രം ധരിച്ചാണ് ലയണൽ മെസി ലോകകപ്പ് ഉയർത്തിയത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തെ അടയാളപ്പെടുത്തുന്ന നിമിഷത്തിനൊപ്പം ആ മേൽവസ്ത്രവുമുണ്ടായിരുന്നു. ടീമിനൊപ്പം കിരീടം ഉയർത്തിയതിനു ശേഷം മെസി ആ വസ്ത്രം ഊരി വെച്ചെങ്കിലും ആ നേട്ടത്തിനൊപ്പം എന്നെന്നും ബിഷ്ത് എന്ന ആ വസ്ത്രം ഓർമിക്കപ്പെടുമെന്നും ചരിത്രത്തിന്റെ ഭാഗമാകുമെന്നും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
Former #Omani MP Ahmad Al-Barwani offered #Messi $1 million for the #bisht he was given by the Qatari emir at the #WorldCup award ceremony. pic.twitter.com/6BstEsvjjX
— MEMRI (@MEMRIReports) December 21, 2022
ലയണൽ മെസി ലോകകപ്പ് കിരീടം നേടുമ്പോൾ അണിഞ്ഞ ആ വസ്ത്രത്തിനു നിരവധിയാളുകൾ ആവശ്യക്കാരായി ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒമാൻ പാർലമെന്റിലെ ഒരു അംഗം ഒരു മില്യൺ ഡോളർ (ഒൻപതു കോടിയോളം രൂപ) ലയണൽ മെസി അണിഞ്ഞ ആ വസ്ത്രത്തിനായി ഓഫർ ചെയ്തിട്ടുണ്ട്. ഒമാൻ പാർലമെന്റിലെ അഹ്മദ് അൽ ബർവാനിയാണ് അർജന്റീനയുടെ വിജയത്തിന് സുൽത്താനേറ്റിന്റെ ആശംസ നല്കിയതിനൊപ്പം ഇത്രയും തുക ഓഫർ ചെയ്തത്.
ലയണൽ മെസി ആ വസ്ത്രം അണിഞ്ഞ് കിരീടം ഉയർത്തുമ്പോൾ സ്റ്റേഡിയത്തിൽ താനുമുണ്ടായിരുന്നു എന്നും അത് അറബിക് സംസ്കാരത്തിന്റെ ശൗര്യഗുണത്തെയും സാമർത്ഥ്യത്തെയും അടയാളപ്പെടുത്തുന്നു എന്നും ആ നിമിഷം ലോകത്തോട് അറബ് ലോകം ഇവിടെയുണ്ടെന്ന് വിളിച്ചു പറയുന്ന ഒന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈയൊരു ആവശ്യത്തോട് ലയണൽ മെസി യാതൊരു പ്രതികരണവും അറിയിച്ചിട്ടില്ല. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിൽ അണിഞ്ഞ വസ്ത്രമായതിനാൽ തന്നെ മെസി അത് നൽകാനും സാധ്യതയില്ല.
The Argentina captain was presented the traditional Arabic cloak following his team's dramatic victory over France in the finalhttps://t.co/RNhhNmIwcY
— Khaleej Times (@khaleejtimes) December 23, 2022
അറബ് ലോകത്തെ പരമ്പരാഗത വസ്ത്രമായ ബിഷ്ത് ഉന്നതകുലജാതരും അധികാരത്തിൽ ഇരിക്കുന്നവരും മറ്റും വിശിഷ്ട ദിവസങ്ങളിൽ അണിയുന്ന വസ്ത്രമാണ്. അതേസമയം മെസിയെ ഈ വസ്ത്രം അണിയിച്ചതിൽ പലരും പ്രതിഷേധം അറിയിച്ചിരുന്നു. ഇത് ലോകത്തിനു മുന്നിൽ ലോകകപ്പ് നടത്തിയ ഖത്തറിന്റെ ഇസ്ലാമിക ചരിത്രം അടയാളപ്പെടുത്താനുള്ള ശ്രമമായാണ് പലരും വിലയിരുത്തിയത്. എന്നാൽ അത് ആദരവിന്റെ ഭാഗമായി നൽകിയതാണെന്ന് പിന്നീട് വിമർശിച്ചവർക്ക് ബോധ്യപ്പെടുകയും ചെയ്തു.