ഒട്ടും അനായാസമായല്ല അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മറ്റു പല ടീമുകളെയും അപേക്ഷിച്ച് അത്ര കരുത്തുറ്റ സ്ക്വാഡ് അല്ലായിരുന്നു ലോകകപ്പിൽ അർജന്റീനയുടേത്. ടീമിലെ പ്രധാനിയായിരുന്നു ലൊ സെൽസോ ലോകകപ്പിനു മുൻപ് പരിക്കേറ്റു പുറത്തായി. ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിക്കൊണ്ടാണ് അർജന്റീന തുടങ്ങിയത്. മുപ്പത്തിയാറു മത്സരങ്ങൾ പരാജയം അറിയാതെ വന്നാണ് അർജന്റീന ലോകകപ്പിലെ ആദ്യത്തെ മത്സരം തോറ്റത്.
ആ തോൽവിയിൽ നിന്നും പുറത്തു വന്ന അർജന്റീന പിന്നീട് നടന്ന ഓരോ മത്സരങ്ങളിലും പൊരുതിയാണ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അതിൽ വളരെ കടുപ്പമേറിയ മത്സരങ്ങളും ഉണ്ടായിരുന്നു. നെതർലാൻഡ്സിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരവും ഫ്രാൻസിനെതിരേ നടന്ന ഫൈനലും തോൽവി നേരിട്ടേക്കുമെന്ന ഘട്ടം നേരിട്ടതിനു ശേഷമാണ് അർജന്റീന വിജയം നേടിയത്. രണ്ടു മത്സരത്തിലും അർജന്റീന ഷൂട്ടൗട്ടിലാണ് വിജയം നേടിയത്.
കഴിഞ്ഞ ദിവസം ലോകകപ്പിൽ അർജന്റീന നേരിട്ട ഏറ്റവും കടുപ്പമേറിയ മത്സരം ഏതായിരുന്നുവെന്ന് ലയണൽ മെസി വെളിപ്പെടുത്തുകയുണ്ടായി. വിജയത്തിന്റെ വക്കിൽ നിന്നും ഷൂട്ടൗട്ട് വരെയെത്തിച്ച ഈ രണ്ടു മത്സരങ്ങളെക്കാൾ മെസിക്ക് കടുപ്പമേറിയതായി തോന്നിയത് ഗ്രൂപ്പിൽ നടന്ന രണ്ടാമത്തെ മത്സരമായിരുന്നു. ആ മത്സരത്തിൽ മെക്സിക്കോ അർജന്റീനക്ക് വളരെയധികം ബുദ്ധിമുട്ട് നൽകിയെന്നും ടീമിലെ താരങ്ങളുടെ ആത്മവിശ്വാസമാണ് ഓരോ മത്സരവും മറികടക്കാൻ സഹായിച്ചതെന്നും മെസി പറഞ്ഞു.
Messi says Argentina suffered the most against Mexico in the World Cup 👀 pic.twitter.com/5OFG4lFl85
— ESPN FC (@ESPNFC) January 30, 2023
അർജന്റീനയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു മെക്സിക്കോക്കെതിരെ നടന്ന മത്സരം. അതിൽ തോൽവിയോ സമനിലയോ വഴങ്ങിയാൽ ടൂർണമെന്റിൽ നിന്നും പുറത്താകുന്നതിന്റെ തൊട്ടരികിലായിരിക്കും ടീം നിന്നിട്ടുണ്ടാവുക. എന്നാൽ രണ്ടാം പകുതിയിൽ ബോക്സിന് പുറത്തു നിന്നും ലയണൽ മെസി നേടിയ ഗോളിൽ അർജന്റീന മുന്നിലെത്തി. മെസിയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് ടീമിന്റെ രണ്ടാമത്തെ ഗോളും നേടി. ആ ഗോളും വിജയവുമാണ് അർജന്റീനയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയതെന്നതിൽ തർക്കമില്ല.