ഫ്രഞ്ച് ലീഗിൽ മാഴ്സക്കെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസിയുടെയും എംബാപ്പയുടെയും തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ വിജയം നേടി പിഎസ്ജി. മാഴ്സയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. ലയണൽ മെസി ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ കിലിയൻ എംബാപ്പെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി.
മത്സരത്തിന്റെ ഇരുപത്തിയഞ്ചാം മിനുട്ടിലാണ് എംബാപ്പെ പിഎസ്ജിയുടെ ആദ്യത്തെ ഗോൾ നേടുന്നത്. മെസി നൽകിയ മനോഹരമായ ത്രൂ പാസ് മികച്ച രീതിയിൽ ഫിനിഷ് ചെയ്താണ് താരം ടീമിനെ മുന്നിലെത്തിച്ചത്. അതിനു പിന്നാലെ തന്നെ മെസിയുടെ ഗോളും പിറന്നു. എംബാപ്പെ വിങ്ങിൽ നിന്നും നൽകിയ ക്രോസിൽ ഒന്ന് കാലു വെക്കേണ്ട ആവശ്യമേ മെസിക്കുണ്ടായിരുന്നുള്ളൂ. തന്റെ കരിയറിലെ എഴുനൂറാം ക്ലബ് ഗോളാണ് മെസി എംബാപ്പയുടെ അസിസ്റ്റിൽ നേടിയത്.
𝗠𝗮𝘀𝘁𝗲𝗿𝗽𝗶𝗲𝗰𝗲 🎨
— Ligue 1 English (@Ligue1_ENG) February 26, 2023
Messi-to-Mbappé for the 200th goal in his @PSG_English career.#OMPSG | @KMbappe pic.twitter.com/bRmWuDItTs
മത്സരത്തിന്റെ രണ്ടാം പകുതിയിൽ പിഎസ്ജി എംബാപ്പെയിലൂടെ ലീഡ് വീണ്ടും ഉയർത്തി. ലയണൽ മെസി തന്നെയായിരുന്നു അസിസ്റ്റ്. എംബാപ്പയിൽ നിന്നും പന്ത് സ്വീകരിച്ച താരം അത് അതിമനോഹരമായൊരു ചിപ്പിങ് ഫിനിഷിംഗിലൂടെ ബോക്സിലേക്ക് ഓടുകയായിരുന്ന ഫ്രഞ്ച് താരത്തിന് നൽകുകയായിരുന്നു. മെസി നൽകിയ പന്ത് നിലത്തു കുത്തും മുൻപേ തന്നെ ഷോട്ടുതിർത്ത എംബാപ്പെ അത് ഗോളാക്കി മാറ്റി പിഎസ്ജി ജേഴ്സിയിൽ തന്റെ ഇരുന്നൂറാം ഗോൾ കുറിച്ചു.
An assist and Goal by Lionel Messi against Marseille. #LionelMessi𓃵 #LionelMessi #LeoMessi #LeoMessi𓃵 #Messi pic.twitter.com/S6W9Q4Qwso
— Suhail Ganai (@Suhail_G_Tweets) February 27, 2023
മത്സരത്തിൽ ഗോൾ നേടിയതോടെ ക്ലബ് തലത്തിൽ എഴുനൂറു ഗോളുകൾ കുറിക്കുന്ന ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മാത്രം താരമായി ലയണൽ മെസി മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റൊരു താരം. അതേസമയം ഫ്രഞ്ച് കപ്പിൽ മാഴ്സയോട് തോൽവി വഴങ്ങിയതിനു മധുരപ്രതികാരം ചെയ്യാൻ ഇന്നലത്തെ മത്സരത്തോടെ പിഎസ്ജിക്കായി. വിജയം നേടിയതോടെ ലീഗിലെ പോയിന്റ് വ്യത്യാസം എട്ടാക്കി മാറ്റാനും പിഎസ്ജിക്ക് കഴിഞ്ഞു.