ആ റെക്കോർഡ് സൃഷ്‌ടിക്കാൻ മെസി തന്നെ വേണ്ടി വന്നു, അർജന്റീന താരം എംഎൽഎസ് കീഴടക്കുന്നു | Lionel Messi

യൂറോപ്പിൽ നിന്നും അമേരിക്കൻ ലീഗിലേക്കുള്ള മെസിയുടെ ചുവടുമാറ്റം ഭൂരിഭാഗം ആരാധകർക്കും അത്ര ബോധിക്കാത്ത കാര്യമാണെങ്കിലും അർജന്റീന താരം അവിടെ തന്റെ സന്തോഷം വീണ്ടെടുത്തിട്ടുണ്ട്. പരിക്കിന്റെ പ്രശ്‌നങ്ങൾ ചെറിയ തോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും കളത്തിലിറങ്ങുന്ന സമയത്തെല്ലാം ഗംഭീര പ്രകടനമാണ് ലയണൽ മെസി നടത്തുന്നത്.

കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയത്. അതിനു ശേഷം പരിക്ക് കാരണം താരത്തിന് സീസണിൽ പല മത്സരങ്ങളും നഷ്‌ടമായി. എങ്കിലും അവർക്ക് ആദ്യത്തെ കിരീടം നൽകാൻ മെസിക്ക് കഴിഞ്ഞിരുന്നു. ഈ സീസണിൽ മെസിയുടെ ചിറകിൽ കുതിക്കുന്ന ഇന്റർ മിയാമി എംഎൽഎസ് കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം ന്യൂ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ ലയണൽ മെസി ഗോൾ കുറിച്ചതോടെ എംഎൽഎസിൽ ഒരു റെക്കോർഡ് താരം നേടുകയുണ്ടായി. അമേരിക്കൻ ലീഗിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ ഗോൾ പങ്കാളിത്തമുള്ള ആദ്യത്തെ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും മെസിയുടെ വകയായിരുന്നു.

ഈ സീസണിൽ പരിക്ക് കാരണം ചില മത്സരങ്ങൾ നഷ്‌ടമായെങ്കിലും ടീമിനായി മെസി നടത്തുന്ന പ്രകടനം അവിശ്വസനീയമാണ്. കളിച്ച ഏഴു മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയ താരം ഒൻപത് ഗോളും നാല് അസിസ്റ്റും സ്വന്തമാക്കി. മെസിയുടെ ഗംഭീര പ്രകടനത്തിന്റെ മികവിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിയാമി നിൽക്കുന്നത്.

ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയത് വളരെ നേരത്തേയായെന്ന് താരത്തിന്റെ മിന്നുന്ന പ്രകടനം തെളിയിക്കുന്നു. എന്നാൽ അമേരിക്കൻ ലീഗിൽ കുറച്ചു കൂടി അനായാസതയോടെ കളിക്കാൻ കഴിയുമെന്നതിനാൽ മാരകമായ പരിക്കിൽ നിന്നും താരത്തിന് രക്ഷപ്പെടാൻ കഴിയും. കോപ്പ അമേരിക്ക വരാനിരിക്കുന്നതിനാൽ മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകൾക്കും ഇത് സഹായിക്കും.

Lionel Messi Set New MLS Record

Inter MiamiLionel MessiMLS
Comments (0)
Add Comment