ഫുട്ബോൾ കളത്തിൽ നിരവധി വിസ്‌മയങ്ങൾ കാണിച്ചിട്ടുള്ള താരമാണ് ലയണൽ മെസി. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസിയെ പലരും വാഴ്ത്തുന്നത്. ലോകകപ്പ് എടുക്കുന്നതിനു മുൻപ് തന്നെ ചരിത്രത്തിലെ മികച്ച താരമായി പലരും അഭിപ്രായപ്പെട്ട മെസി ലോകകപ്പ് നേട്ടത്തോടെ തന്റെ സ്ഥാനം ഉറപ്പിച്ചു. ഖത്തർ ലോകകപ്പിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായാണ് ലയണൽ മെസി അർജന്റീനക്ക് കിരീടം നേടിക്കൊടുത്തത്.
അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തതിനു ശേഷം പിഎസ്‌ജിയിലെത്തിയ ലയണൽ മെസി കഴിഞ്ഞ ദിവസം തന്റെ ആദ്യത്തെ മത്സരം ക്ലബിനായി കളിച്ചിരുന്നു. പിഎസ്‌ജി വിജയം നേടിയ മത്സരത്തിനു മുൻപുള്ള വാമപ്പ് സെഷനിൽ ലയണൽ മെസി നടത്തിയ ഒരു ടച്ചാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉയർന്നു വന്ന പന്ത് കാലിൽ ഒട്ടിപ്പിടിച്ചതു പോലെയാണ് മെസി കാലിൽ ഒതുക്കിയത്. സോഷ്യൽ മീഡിയയിൽ ലയണൽ മെസിയുടെ ടച്ച് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
മത്സരത്തിൽ മികച്ച പ്രകടനമാണ് ലയണൽ മെസി നടത്തിയത്. ആദ്യപകുതിയിൽ ഒരു മികച്ച ഷോട്ട് ആങ്കേഴ്‌സ് ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാം പകുതിയിൽ ഒരു തകർപ്പൻ ഗോൾ താരം നേടി. മൂന്നോളം പിഎസ്‌ജി താരങ്ങൾക്ക് പന്ത് നൽകിയതിനു ശേഷം തിരിച്ചുവാങ്ങി ബോക്‌സിലെത്തിയ മെസി ഗോൾകീപ്പറെ കീഴടക്കി. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ പിറന്ന ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു ഇന്നലെ ആങ്കേഴ്‌സിനെതിരെ മെസി നേടിയതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Messi's TOUCH is not real 🤯pic.twitter.com/OdlyQgjrpm
— Nico Cantor (@Nicocantor1) January 11, 2023
മത്സരത്തിൽ ഗോൾ നേടിയതോടെ ഈ സീസണിൽ മെസി ഫ്രഞ്ച് ലീഗിൽ എട്ടാമത്തെ ഗോൾ മെസി നേടി. ഇതിനു പുറമെ പത്ത് അസിസ്റ്റും മെസി നേടിയിട്ടുണ്ട്. അർജന്റീന ടീമിനൊപ്പം ലോകകപ്പ് നേടിയ മെസി സാധ്യമായ കിരീടങ്ങളെല്ലാം നേടി ഈ സീസൺ മികച്ചതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. പിഎസ്‌ജി ഇതുവരെ ചാമ്പ്യൻസ് ലീഗ് നേടാത്തതിനാൽ മെസിയുടെ ഫോം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. മെസിക്ക് പുറമെ എംബാപ്പെ, നെയ്‌മർ എന്നിവരും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.