ലോകകപ്പിനുള്ള അർജന്റീന ടീമിന്റെ സ്‌ക്വാഡ് ലിസ്റ്റ് നേരത്തെ നൽകില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. വേണമെങ്കിൽ നേരത്തെ തന്നെ ലോകകപ്പ് അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കാമെങ്കിലും അവസാന ദിവസമേ ഇത്തവണ അതുണ്ടാകൂവെന്നാണ് പരിശീലകൻ പറയുന്നത്. മധ്യനിര താരമായ ജിയോവാനി ലോസെൽസോയുടെ പരിക്കാണ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാൻ അവസാന ദിവസം വരെ കാത്തിരിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ താരത്തിന്റെയും മറ്റു കളിക്കാരുടെയും സാഹചര്യം എങ്ങിനെയെന്നു നോക്കുകയാണ്. യാദൃശ്ചികവശാൽ ഇതെല്ലാം സംഭവിക്കാം, ഒരുപാട് മത്സരങ്ങൾ നടക്കുന്നു, ഒക്ടോബർ തിരക്കേറിയതാ മാസമാണ്. എന്തു തീരുമാനം എടുക്കണം എന്നറിയാൻ അതേക്കുറിച്ചുള്ള വാർത്തയും കാത്തിരിക്കയാണ്. ഞങ്ങൾക്ക് അവസാന സ്‌ക്വാഡ് ലിസ്റ്റ് നൽകാൻ സമയമുണ്ടെങ്കിലും ഇതൊരു സങ്കീർണമായ സാഹചര്യമാണ്.” സ്‌കലോണി ഇഎസ്‌പിഎന്നിനോട് പറഞ്ഞു.
“ഞങ്ങൾക്ക് നവംബർ പതിനാലിന് മുൻപ് അന്തിമ സ്‌ക്വാഡ് നൽകണം. സാധാരണ സാഹചര്യങ്ങളിൽ അതു നേരത്തെ നൽകും. പക്ഷെ ഈ സാഹചര്യങ്ങളിൽ, ലോ സെൽസൊ കാരണം മാത്രം ഞങ്ങൾ അവസാന ദിവസത്തേക്ക് തീരുമാനം മാറ്റുകയാണ്. എല്ലാവരും മികച്ച രീതിയിൽ ടീമിലേക്കെത്തണമെന്നാണ് ആഗ്രഹം. ഒരു സാഹസത്തിനു ഞങ്ങൾ തയ്യാറല്ല.” പരിശീലകൻ പറഞ്ഞു.
Argentina national team coach Lionel Scaloni on Gio Lo Celso's situation: "For now I am calm… These are things that can happen… We wait for the news and after to see what decision we will take." Via @SC_ESPN. 🇦🇷pic.twitter.com/Rvm2QapTeH
— Roy Nemer (@RoyNemer) November 2, 2022
വിയ്യാറയലും അത്ലറ്റിക് ബിൽബാവോയും തമ്മിൽ നടന്ന ലാ ലിഗ മത്സരത്തിന്റെ ഇടയിലാണ് ജിയോവാനി ലോ സെൽസോക്ക് പരിക്കു പറ്റിയത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ലോകകപ്പ് നഷ്‌ടമാകാൻ തന്നെയാണ് സാധ്യത. പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന സൂചനകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെയും വന്നിട്ടില്ല.