അർജന്റീന പരിശീലകസ്ഥാനത്ത് താൻ തന്നെ തുടരുമെന്ന് വ്യക്തമാക്കി ലയണൽ സ്‌കലോണി. നവംബറിൽ ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളിൽ ആരാധകർക്ക് ഉണ്ടായിരുന്ന ആശങ്കകൾക്കാണ് ഇതോടെ അവസാനമായത്. ആ മത്സരത്തിന് ശേഷം ഇന്നുവരെ സ്‌കലോണി അർജന്റീന പരിശീലകസ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.
ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയതിനു ശേഷം സ്‌കലോണി പറഞ്ഞത് അർജന്റീനയെ നയിക്കാൻ കൂടുതൽ ഊർജ്ജസ്വലനായ ആരെങ്കിലും വേണമെന്നാണ്. അതിനു പുറമെ കോച്ചിങ് സ്റ്റാഫുകൾക്കൊപ്പം അദ്ദേഹം ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതോടെ സ്‌കലോണി പരിശീലസ്ഥാനത്തു നിന്നും മാറി നിൽക്കാൻ പോവുകയാണെന്ന് ഏവരും കരുതി.
🚨 Lionel Scaloni will continue as Argentina coach: "I always said it was time to stop and think, it was not goodbye. Just a moment of reflection. Now we have to continue." Via Sky Sports Italy. 🇦🇷 pic.twitter.com/YX5R5KT0X6
— Roy Nemer (@RoyNemer) January 24, 2024
എന്നാൽ അർജന്റീന ടീമിൽ നിന്നും മാറി നിൽക്കാനോ ഗുഡ് ബൈ പറയാനോ താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സ്‌കലോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഒന്നു നിർത്തിയതിനു ശേഷം കൂടുതൽ ചിന്തിക്കാനുള്ള സമയമാണ് എടുത്തതെന്നും അർജന്റീന ടീമിനൊപ്പം എന്തൊക്കെയാണ് ഇനി ചെയ്യേണ്ടതെന്നാണ് താൻ ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ലയണൽ സ്‌കലോണിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന്റെ യാഥാർഥ്യം വ്യക്തമല്ലെങ്കിലും നിലവിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അർജന്റീന ആരാധകർക്ക് വലിയ സന്തോഷമാണ് ഈ വാർത്ത നൽകുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അർജന്റീന ടീമിന് സാധ്യമായ എല്ലാ കിരീടങ്ങളും നൽകിയ പരിശീലകനാണ് ലയണൽ സ്‌കലോണി. നിലവിലുള്ള പരിശീലകരിൽ ഏറ്റവും മികച്ച തന്ത്രങ്ങൾ കൈവശമുള്ള മാനേജരായി വിലയിരുത്തുന്ന അദ്ദേഹത്തിന്റെ അടുത്ത ലക്‌ഷ്യം കോപ്പ അമേരിക്ക കിരീടമാണ്. വെല്ലുവിളികൾ ഉണ്ടെങ്കിലും അത് നേടാനുള്ള കരുത്ത് അർജന്റീന ടീമിനുണ്ടെന്നതിൽ സംശയമില്ല.
Lionel Scaloni Confirms He Will Continue As Argentina Coach