ലോകകപ്പ് ഫൈനൽ വിജയത്തിൽ നിർണായകമായ തന്ത്രം അതു തന്നെ, ലയണൽ സ്‌കലോണി പറയുന്നു | Lionel Scaloni

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയപ്പോൾ ലയണൽ മെസിക്കാണ് കൂടുതൽ വാഴ്ത്തലുകൾ ലഭിച്ചതെങ്കിലും ഒരു മികച്ച ടീമായി അർജന്റീനയെ മാറ്റിയെടുത്ത ലയണൽ സ്‌കലോണിയും അതുപോലെ പ്രശംസ അർഹിക്കുന്നു. 2018 ലോകകപ്പിന് ശേഷം ടീമിന്റെ സ്ഥാനമേറ്റെടുത്ത് മെല്ലെ മെല്ലെ ടീമിനെ പടുത്തുയർത്തിയ അദ്ദേഹത്തിന് കീഴിൽ ലോകത്തിലെ ഏറ്റവും സ്ക്വാഡായി അർജന്റീന മാറ്റിയിട്ടുണ്ടെന്നതിൽ സംശയമില്ല.

സൗദി അറേബ്യയോട് തോറ്റു തുടങ്ങിയ അർജന്റീന പിന്നീടുള്ള ഓരോ മത്സരങ്ങളിലും വിജയം നേടിയപ്പോൾ അതിൽ ലയണൽ സ്‌കലോണിയുടെ തന്ത്രങ്ങൾ വളരെ നിർണായകമായിരുന്നു. അതിൽ തന്നെ ഫൈനലിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഫ്രാൻസിനെതിരെ ഏഞ്ചൽ ഡി മരിയയെ ലെഫ്റ്റ് വിങ്ങിലേക്ക് മാറ്റിയ തന്ത്രം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. വലിയ വിജയമായ ആ തന്ത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം സംസാരിക്കുകയുണ്ടായി.

“ഫൈനലിൽ ഡി മരിയ ഇടതുവശത്താണ് കളിക്കാൻ പോകുന്നതെന്ന് ഫ്രാൻസ് മൊറോക്കോയെ സെമി ഫൈനലിൽ തോൽപ്പിച്ചത് മുതൽ ഞങ്ങൾക്ക് വ്യക്തമായിരുന്നു. എന്നാൽ ഗെയിമിന് ഒരു മണിക്കൂർ മുമ്പ് വരെ ഞങ്ങൾ അവരോടത് പറഞ്ഞില്ല, അത് ഒരു പരിധിവരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു, കാരണം ഞങ്ങൾ ആർക്കും ഒരു ആനുകൂല്യവും അതുവഴി നൽകിയില്ല.”

“ഇപ്പോൾ എല്ലാം അറിയപ്പെടുന്നു, ഒരുപക്ഷേ അന്നത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പ്രതികൂലമായേക്കാം. ഞങ്ങൾക്കു വേണ്ടിയിരുന്നത് ഡെംബെലെയ്‌ക്കൊപ്പം പ്രതിരോധിക്കാൻ ഏഞ്ചലിന് ഇറങ്ങേണ്ടി വരാതിരിക്കുക എന്നതായിരുന്നു. അത് താരത്തിന്റെ ജോലിയല്ല. അതിനു പുറമെ കൂണ്ടെയെ തുടർച്ചയായി ആക്രമിച്ചു കളിക്കാൻ താരം ഫ്രഷായി ഇരിക്കുകയും വേണമായിരുന്നു.” സ്‌കലോണി പറഞ്ഞു.

സെമി ഫൈനലിൽ അർജന്റീന ടീമിനായി ഏഞ്ചൽ ഡി മരിയ കളിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഫൈനലിൽ കൂടുതൽ കരുത്തുറ്റ പ്രകടനം നടത്തിയ താരം ഫ്രാൻസിനെ തകർത്തു കളയുന്ന പ്രകടനമാണ് നടത്തിയത്. ഡി മരിയ കളിക്കളത്തിൽ ഉണ്ടായിരുന്ന സമയത്തെല്ലാം അർജന്റീന ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തു. ഡി മരിയക്ക് പകരക്കാരനെ ഇറക്കിയതിനു ശേഷമാണ് ഫ്രാൻസ് മത്സരത്തിൽ ഗോളുകൾ നേടി തിരിച്ചുവരുന്നത്.

Lionel Scaloni On Argentina World Cup Final Plan With Di Maria

Angel Di MariaArgentinaFranceLionel ScaloniQatar World Cup
Comments (0)
Add Comment