ആശാൻ എവിടേക്കും പോകുന്നില്ല, ആരാധകരുടെ പ്രിയപ്പെട്ട പരിശീലകൻ അർജന്റീനക്കൊപ്പം തുടരും | Lionel Scaloni

ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി പറഞ്ഞ വാക്കുകൾ ആരാധകരിൽ ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. അർജന്റീനക്ക് കുറച്ചു കൂടി മത്സരസ്വഭാവമുള്ള ഒരു പരിശീലകനെ ആവശ്യമുണ്ടെന്നു വെളിപ്പെടുത്തിയ സ്‌കലോണി ടീം വിടാൻ സാധ്യതയുണ്ടെന്ന ശക്തമായ സൂചനകളാണ് നൽകിയത്.

ലയണൽ സ്‌കലോണിയുടെ വാക്കുകൾക്ക് പിന്നിൽ അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തു വന്നത്. പിന്നീട് ലയണൽ മെസിയടക്കമുള്ള അർജന്റീന താരങ്ങൾ ബ്രസീലിനെതിരായ മത്സരത്തിന് മുൻപ് പരിശീലകനോട് അഭിപ്രായം ചോദിക്കാതെ മൈതാനം വിട്ടതു കൊണ്ടാണെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

എന്തായാലും അർജന്റീന ദേശീയ ടീം വിടുമെന്ന ശക്തമായ സൂചനകൾ നൽകിയ ലയണൽ സ്‌കലോണി ടീമിനൊപ്പം തന്നെ തുടരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായ ടാപ്പിയയും സ്‌കലോണിയും തമ്മിൽ നടത്തിയ ചർച്ചകൾ വിജയം കണ്ടുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം അർജന്റീന ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം സ്‌കലോണി പരിശീലകനായി തുടരുന്ന കാലാവധിയെ സംബന്ധിച്ചാണ്. നിലവിൽ വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെ മാത്രം പരിശീലകനായി തുടരാനാണ് അദ്ദേഹം സമ്മതിച്ചിട്ടുള്ളത്. അതിനു ശേഷം അദ്ദേഹത്തിന്റെ പദ്ധതികളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അർജന്റീനക്ക് ലഭിച്ച ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് സ്‌കലോണി. വളരെ മികച്ചൊരു ടീമിനെ കെട്ടിപ്പടുത്ത് അവരെക്കൊണ്ട് സാധ്യമായ എല്ലാ കിരീടങ്ങളും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടു തന്നെ കോപ്പ അമേരിക്കക്ക് ശേഷവും അദ്ദേഹത്തെ നിലനിർത്താൻ വേണ്ട നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

Lionel Scaloni Set To Stay With Argentina

ArgentinaLionel Scaloni
Comments (0)
Add Comment