അയാക്‌സിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ അർജന്റീന താരമായ ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയപ്പോൾ നെറ്റി ചുളിച്ചവർ നിരവധിയാണ്. 5.9 അടി മാത്രം ഉയരമുള്ള താരത്തിന് പ്രീമിയർ ലീഗ് പോലെ കായികക്ഷമതയും ഏരിയൽ ഡുവൽസും കൂടിയ ലീഗിൽ തിളങ്ങാൻ കഴിയുന്ന കാര്യത്തിലാണ് ഏവരും സംശയം പ്രകടിപ്പിച്ചത്. എന്നാൽ ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള ഓരോ മത്സരം കഴിയുന്തോറും റാഫേൽ വരാനെക്കൊപ്പം ടീമിന്റെ വിശ്വസ്‌തനായ പ്രതിരോധഭടനായി ലിസാൻഡ്രോ മാർട്ടിനസ് മാറുന്നതാണ് കാണാൻ കഴിയുക.
ഇന്നലെ ടോട്ടനം ഹോസ്‌പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും മികച്ച പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനസ് നടത്തിയത്. 6.2 അടി ഉയരമുള്ള പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ഹാരി കേനിനെ പൂർണമായും നിശബ്‌ദനാക്കിയ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്‌തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ അർജന്റീന എന്ന ചാന്റോടെയാണ് താരത്തിന്റെ പ്രകടനത്തെ സ്വീകരിച്ചത്. ഇതു തനിക്ക് വൈകാരികമായ അനുഭവം നൽകിയെന്ന് മത്സരത്തിനു ശേഷം മാർട്ടിനസ് പറയുകയുമുണ്ടായി.
“സത്യസന്ധമായി പറയുകയാണെങ്കിൽ, വളരെ വൈകാരികമായ അനുഭവമാണ് ഇതെനിക്ക് നൽകിയത്. ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബിലാണിപ്പോഴുള്ളത്. ഈ സ്റ്റേഡിയവും അതിന്റെ അന്തരീക്ഷവും മനോഹരമാണ്. ‘അർജന്റീന, അർജന്റീന’ എന്ന ചാന്റുകൾ സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടപ്പോൾ എനിക്ക് ശെരിക്കും കരയാനാണ് തോന്നിയത്.” മാഞ്ചസ്റ്റർ യുണൈറ്റഡ് ടിവിയോട് സംസാരിക്കുമ്പോൾ ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞു.
"I want to cry" – Lisandro Martinez explains why he was emotional after Manchester United beat Tottenham #mufc https://t.co/VafRRUQDBP
— Man United News (@ManUtdMEN) October 20, 2022
“ഒരുപാട് നിമിഷങ്ങൾ എന്നിലൂടെ കടന്നു പോയി. എന്റെ തുടക്കം വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒന്നായിരുന്നു. ഇപ്പോൾ ഞാനെന്റെ അച്ഛൻ, അമ്മ, കാമുകി, സഹോദരിമാർ, എന്നിവയെക്കുറിച്ച് ചിന്തിക്കുന്നു. ഈ മത്സരഫലം എന്റെ മുത്തച്ഛനും മുത്തശ്ശിക്കും കൂടിയുള്ളതാണ്, അവർ എനിക്കൊപ്പമില്ലെങ്കിലും ഞാനാ സ്നേഹം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.” മാർട്ടിനസ് പറഞ്ഞു.