കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിൽ പ്രീമിയർ ലീഗ് നഷ്ടമാവുകയും റയൽ മാഡ്രിഡിനോട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽക്കുകയും ചെയ്ത ക്ലബാണ് ലിവർപൂളെങ്കിലും ഈ സീസണിൽ അവരുടെ പ്രകടനം മോശമാണ്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തു നിൽക്കുന്ന ടീം ഇതുപോലെ മുന്നോട്ടു പോയാൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കില്ലെന്നുറപ്പാണ്. ചാമ്പ്യൻസ് ലീഗിലും കഴിഞ്ഞ സീസൺ പോലെ ആധിപത്യം സ്ഥാപിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല.
പ്രധാന താരങ്ങളുടെ പരിക്കാണ് ലിവർപൂളിനെ സംബന്ധിച്ച് തിരിച്ചടി നൽകുന്ന പ്രധാന കാര്യം. മധ്യനിര താരങ്ങളായ തിയാഗോ അൽകാൻട്ര, നബി കെയ്റ്റ, ചേംബർലൈൻ, കുർട്ടിസ് ജോൺ എന്നീ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇതിനു പുറമെ യുവന്റസിൽ നിന്നും സമ്മറിൽ ടീമിലെത്തിയ ബ്രസീലിയൻ താരമായ ആർതർ മേലോക്കും അടുത്തിടെ പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റിരുന്നു. മൂന്നു മുതൽ നാല് മാസത്തോളം മുൻ ബാഴ്സലോണ താരത്തിന് നഷ്ടമാകുമെന്നാണ് സൂചനകൾ.
പരിക്കിന്റെ തിരിച്ചടികളിൽ നിന്നും രക്ഷപ്പെട്ട് ഈ സീസണിൽ മുൻനിരയിലെത്താൻ ശ്രമങ്ങളാരംഭിച്ച ലിവർപൂൾ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ സൈനിങ് നടത്താൻ തയ്യാറെടുക്കുകയാണ്. എസ്റ്റാഡിയോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് ക്ലബായ റയൽ ബെറ്റിസിന്റെ അർജന്റീനിയൻ മധ്യനിര താരം ഗുയ്ഡോ റോഡ്രിഗസിനെയാണ് ലിവർപൂൾ വിന്റർ ജാലകത്തിൽ ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നത്. 2020ൽ റയൽ ബെറ്റിസിലെത്തിയ ഗുയ്ഡോ റോഡ്രിഗസിന് 2024 വരെയാണ് ബെറ്റിസുമായി കരാറുള്ളത്.
Liverpool are ‘keeping an eye’ on Real Betis midfielder Guido Rodriguez, according to reports in Spain. #lfc https://t.co/DacXMUaRwu pic.twitter.com/FRrSyU9yTZ
— Liverpool FC News (@LivEchoLFC) October 12, 2022
മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ മാനുവൽ പെല്ലെഗ്രിനിയുടെ കീഴിൽ കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ റേ കിരീടം നേടിയ റയൽ ബെറ്റിസിലെ പ്രധാന താരമായിരുന്നു റോഡ്രിഗസ്. അർജന്റീന ടീമിന് വേണ്ടി ഇരുപത്തിയഞ്ചു മത്സരങ്ങൾ കളിച്ച താരം കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. അടിക്കടി പരിക്കുകൾ പറ്റാറുള്ള ലിയാൻഡ്രോ പരഡെസിന്റെ അഭാവത്തിൽ അർജന്റീനയുടെ ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷൻ ലയണൽ സ്കലോണി വിശ്വസിച്ചേൽപ്പിക്കുക റോഡ്രിഗസിനെയാണ്.
കഴിഞ്ഞ സമ്മറിൽ വമ്പൻ ക്ലബുകളുടെ ഓഫറൊന്നും ഗുയ്ഡോ റോഡ്രിഗസിനെ തേടി വരാതിരുന്നതിനാൽ റയൽ ബെറ്റിസിന് താരത്തെ നിലനിർത്താൻ കഴിഞ്ഞെങ്കിലും ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അതിനു കഴിയണമെന്നില്ല. ലിവർപൂൾ ഓഫർ നൽകിയാൽ താരം അതു പരിഗണിക്കാൻ തന്നെയാണ് സാധ്യത. ഇരുപത്തിയെട്ടു വയസുള്ള താരത്തിന് ചാമ്പ്യൻസ് ലീഗ് അടക്കമുള്ള വേദികളിൽ മാറ്റുരക്കാനും അത് സഹായിക്കും.