ലൂയിസ് എൻറിക് പിഎസ്‌ജി വിട്ടേക്കും, ക്ലബിൽ പ്രതിസന്ധി രൂക്ഷമാകുന്നു | PSG

തോമസ് ടുഷെൽ പരിശീലകനായിരുന്ന സമയത്ത് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച പിഎസ്‌ജി അതിനു ശേഷം പുറകോട്ടാണ് പോയത്. മൗറീസിയോ പോച്ചട്ടിനോ, ക്രിസ്റ്റഫെ ഗാൾട്ടിയാർ തുടങ്ങിയ പരിശീലകരും ലയണൽ മെസി, എംബാപ്പെ, നെയ്‌മർ തുടങ്ങിയ സൂപ്പർതാരങ്ങളുമുണ്ടായിട്ടും കഴിഞ്ഞ രണ്ടു സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. അതിനോട് ആരാധകർ പ്രതിഷേധിക്കുകയും ചെയ്‌തു.

പുതിയ സീസണിൽ ടീമിനെ മികച്ചതാക്കി മാറ്റുന്നതിനായി ലൂയിസ് എൻറിക് പരിശീലകനായി എത്തിയത് ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. ബാഴ്‌സലോണക്കൊപ്പം സാധ്യമായ കിരീടങ്ങളെല്ലാം ഒരു സീസണിൽ തന്നെ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം പിഎസ്‌ജിയെ മികവിലേക്ക് നയിക്കുമെന്ന് ക്ലബ് നേതൃത്വത്തിനും ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണതയിലേക്ക് പോവുകയാണ്.

ലൂയിസ് എൻറികും സഹപരിശീലകനും പിഎസ്‌ജി വിടാനുള്ള ആലോചനയിലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഎസ്‌ജിയിൽ കൃത്യമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഇല്ലെന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. എംബാപ്പയും ക്ലബും തമ്മിലുള്ള പ്രശ്‌നങ്ങളും ലൂയിസ് എൻറികിനു വേണ്ട താരങ്ങളെ റിക്രൂട്ട് ചെയ്യുന്ന സ്‌പോട്ടിങ് ഡയറക്റ്റർ കാമ്പോസ് ക്ലബ് വിടാനുള്ള സാധ്യതയും സ്‌പാനിഷ്‌ പരിശീലകന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളാണ്.

അതേസമയം മാർക്ക പുറത്തു വിട്ട ഈ വാർത്ത പിഎസ്‌ജി സ്പോക്ക് പേഴ്‌സൺ പൂർണമായും നിഷേധിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ റയൽ മാഡ്രിഡാണെന്നാണ് അവർ പറയുന്നത്. എന്നാൽ പിഎസ്‌ജിയിൽ ഗുരുതരമായ പ്രശ്‌നങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി എൻറിക് കൂടി സ്ഥാനമൊഴിഞ്ഞാൽ അതൊന്നുകൂടി സങ്കീർണമായി മാറും. അടുത്ത സീസണിലേക്കുള്ള ക്ലബിന്റെ തയ്യാറെടുപ്പുകളെയും അത് ബാധിക്കും.

എംബാപ്പയെ പിഎസ്‌ജിയിൽ നിന്നും ഒഴിവാക്കാൻ കാര്യമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. പ്രീ സീസൺ ടൂറിനുള്ള ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയതിന്റെ കാരണമിതാണ്. അതേസമയം എംബാപ്പെ തുടർന്നാൽ താരത്തെ ഉപയോഗിക്കണം എന്നായിരിക്കും എൻറിക് ചിന്തിക്കുക. എന്നാൽ പിഎസ്‌ജിക്ക് താരത്തെ കളത്തിലിറക്കാൻ കഴിയില്ലെന്ന നിലപാടാണുള്ളത്.

Luis Enrique Consider To Quit PSG

Luis EnriquePSG
Comments (0)
Add Comment