ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത് കേരളത്തിലെ ക്ലബ്ബിനെ, ചർച്ചകൾ നടക്കുന്നു; ബ്ലാസ്‌റ്റേഴ്‌സിനു ഭാഗ്യം തെളിയുമോ | Lulu Group

ആഗോളതലത്തിൽ കേരളത്തിന്റെ പേരെത്തിച്ച വ്യവസായിയാണ് ശ്രീ എംഎ യൂസഫലി. ലോകത്തിലെ വിവിധരാജ്യങ്ങളിലായി പടർന്നു കിടക്കുന്ന നിരവധി ബിസിനസ് സ്ഥാപനങ്ങളുള്ള ലുലു ഗ്രൂപ്പിന്റെ ഉടമയാണ് അദ്ദേഹം. ബിസിനസിനു പുറമെ ചാരിറ്റിയിലും സജീവമായി ഇടപെടുന്ന അദ്ദേഹം അതുകൊണ്ടു തന്നെ കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും പ്രിയങ്കരനായ വ്യക്തി കൂടിയാണ്. നാട്ടികയിൽ ജനിച്ച അദ്ദേഹത്തിന്റെ വളർച്ച മലയാളികൾക്കും അഭിമാനകരമായ ഒന്നാണെന്നതിൽ സംശയമില്ല.

അടുത്തിടെ അദ്ദേഹത്തിന്റെ ബിസിനസ് ശൃംഖലയായ ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ടുണ്ടായ ഒരു പ്രധാനപ്പെട്ട വാർത്ത കൊൽക്കത്തയിലെ ഒരു ഫുട്ബോൾ ക്ലബ്ബിനെ അവർ ഏറ്റെടുക്കാൻ പോകുന്നുവെന്നതാണ്. ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടതിൽ ഏറ്റവും പഴയ ക്ലബുകളിലൊന്നായ മൊഹമ്മദൻസിനെ ഏറ്റെടുത്ത് ഇന്ത്യൻ സൂപ്പർ ലീഗിലെത്തിക്കാനുള്ള പദ്ധതി ലുലു ഗ്രൂപ്പിനുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഗൾഫ് ന്യൂസ് പുറത്തു വിടുന്ന റിപ്പോർട്ടുകൾ പ്രകാരം ലുലു ഗ്രൂപ്പിനു താൽപര്യം കേരളത്തിലുള്ള ഒരു ക്ലബ്ബിനെ ഏറ്റെടുക്കുന്നതിനാണ്. ലുലു ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നതെന്നാണ് സൂചനകൾ. സ്വന്തം നാടായ കേരളത്തിൽ തന്നെ ഫുട്ബോളിൽ നിക്ഷേപം നടത്താനുള്ള താത്പര്യം എംഎ യൂസഫലി പശ്ചിമബംഗാൾ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അങ്ങിനെയാണെങ്കിൽ ലുലു ഗ്രൂപ്പ് ബംഗാളിൽ ക്ലബ്ബിനെ ഏറ്റെടുക്കില്ല. പക്ഷെ അവിടെയുള്ള ക്ലബുകളിൽ സ്‌പോൺസർഷിപ്പ് നടത്തിയേക്കും.

ഈ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കാണ് കൂടുതൽ പ്രതീക്ഷ വന്നിരിക്കുന്നത്. നിലവിലുള്ള ക്ലബ് നേതൃത്വത്തോട് ആരാധകർ പൂർണമായും തൃപ്‌തരല്ല. ആരാധകരെ മുതലെടുക്കാൻ വേണ്ടി മാത്രമുള്ള ഉടമകളാണ്‌ ഇപ്പോഴത്തേതെന്നാണ് അവരുടെ പക്ഷം. അതുകൊണ്ടു തന്നെ മറ്റൊരു മികച്ച നേതൃത്വം കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാകണമെന്ന് അവർ വളരെയധികം ആഗ്രഹിക്കുന്നു. അത് ലുലു ഗ്രൂപ്പായാൽ ആരാധകർക്കത് കൂടുതൽ സന്തോഷമുള്ള കാര്യമായിരിക്കും.

മൂന്നു വർഷം മുൻപ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കാൻ ലുലു ഗ്രൂപ്പ് ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കോവിഡ് സമയത്ത് ചർച്ചകളൊന്നും മുന്നോട്ടു പോയില്ല. കേരള ബ്ലാസ്റ്റേഴ്‌സ് പോലെയൊരു ക്ലബ്ബിനെ മുന്നോട്ടു കൊണ്ടുപോവുകയെന്നത് ലുലു ഗ്രൂപ്പിനെ സംബന്ധിച്ച് ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. ക്ലബ് നഷ്‌ടത്തിലൊന്നുമല്ലെന്നതും ഇക്കാര്യത്തിൽ പോസിറ്റിവാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് തന്നെയാണോ ലുലു ഗ്രൂപ്പിന്റെ മനസിലുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Lulu Group Interested To Own A Football Club In Kerala

ISLKerala BlastersKerala FootballLulu GroupMA Yusuf Ali
Comments (0)
Add Comment