ഈ തോൽവിയിലും ടീമിന് പ്രതീക്ഷ നൽകുന്ന ഒരുപാട് കാര്യങ്ങളുണ്ട്, മുംബൈ സിറ്റിക്കെതിരായ മത്സരത്തെക്കുറിച്ച് അഡ്രിയാൻ ലൂണ | Luna

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യത്തെ തോൽവി കഴിഞ്ഞ ദിവസം വഴങ്ങുകയുണ്ടായി. മുംബൈ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. എതിരാളികളുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വരുത്തിയ രണ്ടു പിഴവുകൾ മത്സരം കയ്യിൽ നിന്നും പോകാൻ കാരണമാവുകയായിരുന്നു.

സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് മുംബൈയോട് ഈ രീതിയിൽ തോൽവി വഴങ്ങിയതിൽ ആരാധകരിൽ പലർക്കും വലിയ നിരാശയുണ്ട്. വിജയമോ സമനിലയോ നേടാമായിരുന്ന മത്സരമാണ് തോൽക്കേണ്ടി വന്നത്. എന്നാൽ ഈ തോൽ‌വിയിൽ യാതൊരു നിരാശയും വേണ്ടെന്നാണ് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ പറയുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ച സന്ദേശത്തിലാണ് ലൂണ മത്സരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

“കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നെങ്കിലും ഈ മനോഭാവവും നിറഞ്ഞു നിൽക്കുന്ന ആവേശവും പോരാടാനുള്ള വീര്യവുമാണ് ഈ സീസണിൽ മുഴുവൻ നമ്മൾക്കൊപ്പം വേണ്ടത്. ഒരു കുടുംബത്തെപ്പോലെ നമ്മൾ ഒരുമിച്ച് നിൽക്കുകയും അടുത്ത മത്സരത്തിന് പൂർണമായും ശ്രദ്ധ കൊടുക്കുകയും ചെയ്യും.” ഇൻസ്റ്റാഗ്രാമിൽ മുംബൈ സിറ്റിക്കെതിരായ മത്സരത്തിന്റെ ചിത്രങ്ങൾക്കൊപ്പം യുറുഗ്വായ് താരം കുറിച്ചു. ഇതിനു വിക്റ്റർ മോങ്കിൽ അടക്കമുള്ളവർ മറുപടിയും നൽകിയിട്ടുണ്ട്.

മുംബൈ സിറ്റിക്കെതിരെ ഗോൾകീപ്പറായ സച്ചിൻ സുരേഷും പ്രതിരോധതാരമാ പ്രീതം കൊട്ടാലുമാണ് പിഴവുകൾ വരുത്തിയത്. ബോക്‌സിലേക്ക് വന്ന ഒരു പാസ് കൈപ്പിടിയിൽ ഒതുക്കാൻ സച്ചിന് കഴിയാതെ വന്നപ്പോൾ പെരേര ഡയസ് അത് ഗോളിലേക്ക് തട്ടിയിടുകയായിരുന്നു. അതിനു ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കളി നിയന്ത്രിച്ചു കൊണ്ടിരിക്കെ ഒരു ക്ലിയറൻസ് നടത്താൻ പ്രീതം കാണിച്ച അലംഭാവം മുംബൈയുടെ രണ്ടാമത്തെ ഗോളിനും വഴിയൊരുക്കി.

എന്നാൽ ഈ പിഴവുകൾ ഒഴിച്ചു നിർത്തിയാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നായ മുംബൈ സിറ്റിക്കെതിരെ അവരുടെ മൈതാനത്ത് നടത്തിയ പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് പ്രതീക്ഷ നൽകുന്നത് തന്നെയാണ്. പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ മത്സരം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയേനെ. എന്തായാലും അടുത്ത മത്സരത്തിൽ വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Adrian Luna On Match Against Mumbai City

Adrian LunaIndian Super LeagueISLKerala BlastersMumbai City FC
Comments (0)
Add Comment