ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് മുട്ടിയിട്ട് കാര്യമില്ല, സീസൺ തുടങ്ങും മുൻപേ നായകനൊരു നേട്ടം സ്വന്തമാക്കി നൽകി

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്ത ദിവസങ്ങളിൽ തായ്‌ലാൻഡിലേക്ക് പോകുന്ന ടീം അവിടെ പ്രീ സീസൺ മത്സരങ്ങൾ കളിക്കും. കഴിഞ്ഞ സീസണിലേക്കാൾ മികച്ച പ്രകടനം ഇത്തവണ പുതിയ പരിശീലകന് കീഴിൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരുമുള്ളത്.

പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപേ വലിയൊരു നേട്ടം ടീമിന്റെ നായകനായ അഡ്രിയാൻ ലൂണക്ക് സ്വന്തമാക്കി നൽകിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള വോട്ടെടുപ്പ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. അഡ്രിയാൻ ലൂണ ഒഡിഷ എഫ്‌സിക്കെതിരെ നേടിയ മനോഹരമായ ഗോളാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

അഡ്രിയാൻ ലൂണയും മോഹൻ ബഗാൻ മുന്നേറ്റനിര താരവുമായ ദിമിത്രി പെട്രാറ്റോസുമാണ് മികച്ച ഗോളിനുള്ള പോരാട്ടത്തിൽ ഉണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ മോഹൻ ബഗാൻ താരം മുന്നിലെത്തുകയും ചെയ്‌തിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുമിച്ച് ആഞ്ഞു പിടിക്കുകയും തങ്ങളുടെ നായകന് അർഹിച്ച നേട്ടം സ്വന്തമാക്കി നൽകുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ കൊച്ചിയിൽ നടന്ന മത്സരത്തിലാണ് ലൂണ ഈ ഗോൾ നേടിയത്. മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് എൺപത്തിനാലാം മിനുട്ടിൽ അഡ്രിയാൻ ലൂണ ഗോൾ നേടുന്നത്. അയ്‌മൻ നൽകിയ ലോങ്ങ് പാസ് ക്ലിയർ ചെയ്യാൻ ഒഡിഷ താരത്തിന് കഴിയാതിരുന്നപ്പോൾ അത് പിടിച്ചെടുത്ത ലൂണ ഒരു ചിപ്പിങ്ങിലൂടെ അത് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ പരിക്കേറ്റു പുറത്തു പോയതിനാൽ ആകെ പത്ത് മത്സരങ്ങളിൽ മാത്രമാണ് ലൂണ കളത്തിലിറങ്ങിയത്. ഇപ്പോൾ പരിക്കിൽ നിന്നും പൂർണമായും മുക്തനായ വരുന്ന സീസണിൽ അതിന്റെ നിരാശ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. താരത്തിന് ഈ നേട്ടം കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Adrian LunaISLKerala Blasters
Comments (0)
Add Comment