ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ വിജയം നേടിയതിനു ശേഷം ലയണൽ മെസി നടത്തിയ പ്രതികരണം അർജന്റീന ആരാധകരുടെ മനസ്സിൽ തീ കോരിയിടുന്നതായിരുന്നു. ഫൈനലിൽ വിജയം നേടിയാലും ഇല്ലെങ്കിലും ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്നാണ് മെസി പറഞ്ഞത്. അടുത്ത ലോകകപ്പിൽ മെസിക്ക് മുപ്പത്തിയൊമ്പതു വയസാകും എന്നതിനാൽ നിലവിലെ ഫോം നിലനിർത്താൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതു കൊണ്ടാണ് മെസി അതു പറഞ്ഞതെന്ന് വ്യക്തമാണ്.
അർജന്റീന കിരീടം നേടിയതോടെ ലയണൽ മെസി അടുത്ത ലോകകപ്പിലും കളിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണിയും അതിലുൾപ്പെടുന്നുണ്ട്. അർജന്റീനക്കൊപ്പം ഇനിയും കളിക്കുമെന്നും ഇപ്പോൾ തന്നെ ദേശീയ ടീമിൽ നിന്നും വിരമിക്കില്ലെന്നും ലയണൽ മെസി വ്യക്തമാക്കിയെങ്കിലും അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന തീരുമാനം മാറ്റാൻ മെസി തയ്യാറായില്ല. ഇപ്പോൾ തങ്ങളെ മുന്നിൽ നിന്നു നയിച്ച നായകൻ അടുത്ത ലോകകപ്പിലും ടീമിനൊപ്പം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ് ലോകകപ്പിൽ അർജന്റീന ടീമിനായി നിർണായക പ്രകടനം നടത്തിയ മധ്യനിര താരമായ അലക്‌സിസ് മാക് അലിസ്റ്റർ.
“മെസി ദേശീയ ടീം വിടരുതെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇത് അവസാനത്തെ ലോകകപ്പാണെന്ന് മെസി പറഞ്ഞെങ്കിലും ഞങ്ങളത് ആഗ്രഹിക്കുന്നില്ല. താരം ഞങ്ങളുടെ കൂടെ തുടരണം. മെസിക്കും അതറിയാം. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം. കഴിഞ്ഞ ദിവസം പുതുവത്സര ആശംസകൾ നേർന്ന് മെസി ഞങ്ങൾക്ക് സന്ദേശം അയച്ചിരുന്നു. താരത്തിന് ഞങ്ങളോട് വളരെ സ്നേഹമുണ്ട്. ലോകകപ്പിനു ശേഷം ഞങ്ങളങ്ങിനെ സംസാരിച്ചിട്ടില്ല, ആഘോഷത്തിലായിരുന്നു. ഇപ്പോൾ എന്താണ് നേടിയതെന്ന് ഞങ്ങൾക്ക് മനസിലായിട്ടില്ല, അഞ്ചോ പത്തോ വർഷം കഴിഞ്ഞാലാണ് അതറിയുക.” മാക് അലിസ്റ്റർ പറഞ്ഞു.
Lionel Messi’s Argentina team-mates urge him to make World Cup U-turn. #BHAFC @Argentinahttps://t.co/oI6zdEQnmL
— Andy Naylor (@AndyNaylorBHAFC) January 2, 2023
ലോകകപ്പിനു തൊട്ടു മുൻപ് ജിയോവാനി ലോ സെൽസോയെ നഷ്‌ടമായ അർജന്റീന ടീമിൽ അതിന്റെ അഭാവം പരിഹരിച്ചത് മാക് അലിസ്റ്ററായിരുന്നു. പോളണ്ടുമായി നടന്ന മത്സരത്തിൽ ഒരു ഗോൾ നേടിയ താരം അതിനു ശേഷം ഫൈനലിൽ ഡി മരിയ നേടിയ ഗോളിന് അസിസ്റ്റും നൽകി. പ്രീമിയർ ലീഗിൽ ബ്രൈറ്റണിന്റെ താരമായ മാക് അലിസ്റ്റർ കഴിഞ്ഞ ദിവസം ക്ലബിനൊപ്പം ചേർന്നപ്പോൾ മികച്ച സ്വീകരണമാണ് അലിസ്റ്റാർക്ക് ലഭിച്ചത്. വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ താരം ബ്രൈറ്റൻ വിടാനുള്ള സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ.