അർജന്റീനയിൽ മെസിയുടെ പിൻഗാമി, യുവതാരത്തിനായി ശ്രമം തുടങ്ങി മാഞ്ചസ്റ്റർ ക്ലബുകൾ | Thiago Almada

ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ ഭാഗമായിരുന്നു തിയാഗോ അൽമാഡ. അവസരങ്ങൾ കുറവായതിനാൽ താരം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ലോകകപ്പിന് ശേഷം അമേരിക്കൻ ലീഗ് സീസൺ ആരംഭിച്ചതിനു ശേഷം അൽമാഡ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ മികച്ച ഫോമും അവിശ്വസനീയമായ രീതിയിൽ നേടുന്ന ഫ്രീ കിക്ക് ഗോളുകളുമാണ് അൽമാഡ ശ്രദ്ധിക്കപ്പെടാൻ കാരണമായത്.

അമേരിക്കൻ ക്ലബായ അറ്റ്‌ലാന്റാ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരം ഈ സീസണിൽ പതിനെട്ടു മത്സരങ്ങളിൽ നിന്നും പതിനേഴു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. ഇതിൽ എട്ടു ഗോളുകളും ഒൻപത് അസിസ്റ്റുകളും ഉൾപ്പെടുന്നു. ഈ എട്ടു ഗോളുകളിൽ ആറെണ്ണവും ഫ്രീ കിക്കോ അല്ലെങ്കിൽ ബോക്‌സിന് പുറത്തു നിന്നുമുള്ള മിന്നൽ ഷോട്ടുകളോ ആണെന്ന പ്രത്യേകതയുണ്ട്.

എന്തായാലും അർജന്റീന യുവതാരത്തിനായി യൂറോപ്പിൽ നിന്നും ഓഫറുകൾ വന്നു തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി ശ്രമം നടത്തുന്നുണ്ട്. ഈ ക്ലബുകൾ അൽമാഡയുടെ വക്താക്കളെ കണ്ടു കഴിഞ്ഞു. എന്നാൽ തങ്ങളുടെ ഏറ്റവും മികച്ച താരത്തെ സീസണിനിടയിൽ വിട്ടുകൊടുക്കാൻ അറ്റ്‌ലാന്റാ യുണൈറ്റഡ് തയ്യാറാകുമോ എന്നറിയില്ല.

മനോഹരമായ ഫ്രീ കിക്കുകളും ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടുകളും നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന താരത്തെ മെസിയുടെ പിൻഗാമിയെന്ന നിലയിലാണ് അർജന്റീന ആരാധകർ കാണുന്നത്. യൂറോപ്പിലേക്ക് ഉടനെ തന്നെ താരമെത്തുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിക്കുന്നു. ഈ രണ്ടു ക്ലബുകളിൽ ഏതിലായാലും തന്റെ പ്രകടനം മെച്ചപ്പെടുത്താൻ അൽമാഡക്ക് കഴിയുകയും ചെയ്യും.

Man City Man Utd Interested In Thiago Almada

ArgentinaManchester CityManchester UnitedThiago Almada
Comments (0)
Add Comment