ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്സണലിനെതിരെ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്സനലിനെ അവരുടെ മൈതാനത്ത് കീഴടക്കിയത്. ഇതോടെ ആഴ്സനലിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. എന്നാൽ ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചതെന്നതു കൊണ്ട് വീണ്ടും മുന്നിലേക്ക് വരാൻ അവർക്ക് അവസരമുണ്ട്.
മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ കെവിൻ ഡി ബ്രൂയ്ന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയാണ് മത്സരത്തിൽ മുന്നിലെത്തിയത്. ഇരുപത്തിനാലാം മിനുട്ടിലാണ് താരത്തിന്റെ ഗോൾ വന്നത്. എന്നാൽ നാല്പത്തിരണ്ടാം മിനുട്ടിൽ തന്നെ സാക്ക പെനാൽറ്റിയിലൂടെ ആഴ്സണലിനായി സമനില ഗോൾ സ്വന്തമാക്കി. അതിനു ശേഷം എഴുപത്തിരണ്ടാം മിനുട്ട് വരെയും മത്സരത്തിൽ ഗോളുകൾ നേടാൻ രണ്ടു ടീമുകൾക്കും കഴിഞ്ഞില്ല.
എന്നാൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ വിജയം കൂടിയേ തീരു എന്ന സാഹചര്യം ഉണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താൻ തയ്യാറല്ലായിരുന്നു. തുടർച്ചയായി ആക്രമണങ്ങൾ നടത്തിയ അവർ എഴുപത്തിരണ്ടാം മിനുട്ടിൽ ഗ്രീലിഷിലൂടെ മുന്നിലെത്തി. അതിനു ശേഷം പത്ത് മിനുട്ടിനകം ഹാലാൻഡ് കൂടി ഗോൾ കണ്ടെത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി വിജയം ഉറപ്പിച്ചു. ഈ സീസണിൽ നോർവേ താരം നേടുന്ന ഇരുപത്തിയാറാമത്തെ ഗോളായിരുന്നു അത്.
Points dropped by Arsenal in their first 19 games of the season: 7️⃣
— The Athletic | Football (@TheAthleticFC) February 15, 2023
Points dropped by Arsenal in their last three games: 8️⃣#AFC pic.twitter.com/PlVZB7ci4u
ഒരു ഗോൾ നേടിയ കെവിൻ ഡി ബ്രൂയ്ൻ ഹാലാൻഡ് നേടിയ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തു. ആദ്യപകുതിയിൽ താളം കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടിയ മാഞ്ചസ്റ്റർ സിറ്റി രണ്ടാം പകുതിയിലാണ് കൂടുതൽ മികച്ചു നിന്നത്. വിജയത്തോടെ പ്രീമിയർ ലീഗ് കിരീടത്തിനായി ആഴ്സണലിന് മേൽ സമ്മർദ്ദം ചെലുത്താൻ മാഞ്ചസ്റ്റർ സിറ്റിക്കായി. അതേസമയം കഴിഞ്ഞ നാല് മത്സരങ്ങളിലും വിജയം ഇല്ലാത്തത് ആഴ്സണൽ പടിക്കൽ കലമുടക്കാനുള്ള സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്.