ടോട്ടനം ഹോസ്‌പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി പോലും അവസരം ലഭിക്കാത്തതിനെ തുടർന്ന് റൊണാൾഡോ കളി തീരും മുൻപ് കളിക്കളം വിട്ടത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഒരു പ്രൊഫെഷണൽ താരത്തിനു നിരക്കാത്ത പ്രവൃത്തി ചെയ്‌തതിനെ തുടർന്ന് റൊണാൾഡോയെ അടുത്ത മത്സരത്തിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസമാണ് റൊണാൾഡോക്കെതിരായ നടപടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.
ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ നിന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്നു റൊണാൾഡോയെങ്കിലും ഈ സീസണിൽ താരത്തെ ഒഴിവാക്കുന്നത് പ്രധാന മത്സരത്തിലൊന്നും ക്ലബിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റൊണാൾഡോ ആദ്യ ഇലവനിൽ ഇറങ്ങുന്ന പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെയധികം പോയിന്റ് നഷ്‌ടപ്പെടുന്നുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഒപ്റ്റയെ അടിസ്ഥാനമാക്കി യുണൈറ്റഡ് റിപ്പോർട്ട് വെളിപ്പെടുത്തുന്ന കണക്കുകൾ പ്രകാരം റൊണാൾഡോ ആദ്യ ഇലവനിൽ ഇറങ്ങുന്ന ഒരു മത്സരത്തിൽ 0.5 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുന്നത്. അതേസമയം റൊണാൾഡോ ഇല്ലാതെ ഇറങ്ങുന്ന ഓരോ മത്സരത്തിലും 2.25 പോയിന്റുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടുന്നുണ്ട്. റൊണാൾഡൊയുള്ള മത്സരങ്ങളിൽ ടീം 98.5 കിലോമീറ്റർ ശരാശരി ദൂരം കവർ ചെയ്യുമ്പോൾ റൊണാൾഡോ കളിക്കാത്ത മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ശരാശരി 108.5 കിലോമീറ്റർ ദൂരം ശരാശരിയായി മറികടക്കുന്നുണ്ട്.
#mufc with and without Cristiano Ronaldo in the Premier League this season [sky] pic.twitter.com/fQ39T1GBXB
— utdreport (@utdreport) October 20, 2022
റൊണാൾഡോ ടീമിനൊപ്പമുള്ള സമയത്തും ഇല്ലാത്ത സമയത്തും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനത്തിലുള്ള വ്യത്യാസം ഈ കണക്കുകൾ വളരെ കൃത്യമായി വ്യക്തമാക്കുന്നു. റൊണാൾഡോ കളിക്കളത്തിൽ ഇറങ്ങാതിരുന്ന ടോട്ടനം ഹോസ്പറിന് എതിരെയുള്ള മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയതെന്നു കൂടി ഇതിനൊപ്പം ചേർത്തു വായിക്കണം. അതുകൊണ്ടു തന്നെ ഗ്രഹാം പോട്ടർ പരിശീലകനായതിനു ശേഷം തോൽവി അറിയാതെ മുന്നേറുന്ന ചെൽസിയെ അടുത്ത മത്സരത്തിൽ കീഴടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞേക്കാം.