2021 സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ട്രാൻസ്‌ഫറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് ആദ്യം കരുതിയതെങ്കിലും അവസാനനിമിഷത്തിൽ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു വർഷത്തെ കരാറിൽ റൊണാൾഡോയെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ ആ തീരുമാനത്തിൽ റൊണാൾഡോയിപ്പോൾ ദുഖിക്കുന്നുണ്ടാകുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായിരുന്നെങ്കിലും ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമം സജീവമായി റൊണാൾഡോ നടത്തിയിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറുന്നതിനാണ് താരം ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ റൊണാൾഡോക്കായി യൂറോപ്പിലെ പ്രധാന ക്ലബുകളൊന്നും രംഗത്തു വരാതിരുന്നതിനെ തുടർന്ന് ആ നീക്കം ഉപേക്ഷിച്ച താരം ഇപ്പൊൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൂടുതലും പകരക്കാരനായാണ് കളത്തിലിറങ്ങുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറയുകയും ഫോം നഷ്‌ടമാവുകയും ചെയ്‌ത റൊണാൾഡോ ജനുവരിയിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്. എന്നാൽ റൊണാൾഡോയെ സ്വന്തമാക്കാൻ യൂറോപ്പിലെ പ്രധാന ക്ലബുകൾക്കൊന്നും താൽപര്യമുണ്ടാകില്ലെന്നും അതിനാൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസൺ അവസാനിക്കുന്നതു വരെ തന്നെ തുടരുമെന്നുമാണ് ക്ലബ് കരുതുന്നതെന്നാണ് പ്രമുഖ മാധ്യമമായ ഇഎസ്‌പിഎൻ വെളിപ്പെടുത്തുന്നത്.
Cristiano Ronaldo is set to STAY at Manchester United because the club believe the forward has no suitors https://t.co/C6be9RYW14
— MailOnline Sport (@MailSport) October 7, 2022
സമ്മർ ജാലകത്തിൽ റൊണാൾഡോയുടെ ഏജന്റായ ഹോർഹെ മെൻഡസ് താരത്തെ നിരവധി ക്ലബുകൾക്ക് ഓഫർ ചെയ്‌തിരുന്നു. ചെൽസി, ബയേൺ മ്യൂണിക്ക്, ഇന്റർ മിലാൻ, എസി മിലാൻ, ബാഴ്‌സലോണ, പിഎസ്‌ജി തുടങ്ങി നിരവധി ക്ലബുകളിലേക്ക് താരം ഓഫർ ചെയ്യപ്പെട്ടെങ്കിലും അവർക്കൊന്നും റൊണാൾഡോയെ സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നില്ല. റൊണാൾഡോയുടെ പ്രായം, വേതനം, താരത്തിന്റെ സാന്നിധ്യം സ്പോർട്ടിങ് പ്രൊജക്റ്റിനെ ബാധിക്കുമോയെന്ന ആശങ്കയെല്ലാമാണ് ഈ ക്ലബുകൾ ട്രാൻസ്‌ഫറിൽ നിന്നും പുറകോട്ടു പോകാൻ കാരണമായത്.
അതേസമയം റൊണാൾഡോയെ സ്വന്തമാക്കാൻ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ചില ക്ലബുകൾക്ക് താൽപര്യം ഉണ്ടായിരുന്നു. താരത്തിന്റെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബൺ, ഫ്രഞ്ച് ക്ലബായ മാഴ്‌സ എന്നിവയുടെ പേരാണ് ഇതിൽ ഉയർന്നു കേട്ടിരുന്നത്. എന്നാൽ ഈ ക്ലബുകളിലേക്ക് ചേക്കേറാനുള്ള അവസരം റൊണാൾഡോ തന്നെ നിഷേധിക്കുകയായിരുന്നു. യൂറോപ്പിലെ ഒരു പ്രധാന ലീഗിൽ, പ്രധാന ക്ലബിനു വേണ്ടി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണമെന്ന ആഗ്രഹമായിരുന്നു റൊണാൾഡോക്ക് ഉണ്ടായിരുന്നത്.
ഈ സീസണിൽ നാല് മത്സരങ്ങളിൽ മാത്രമാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ആദ്യ ഇലവനിൽ കളത്തിലിറങ്ങിയിരിക്കുന്നത്. ബാക്കി മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരത്തിന് ഇതുവരെ ഒരു പെനാൽറ്റി ഗോൾ മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. അവസരങ്ങൾ കുറയുന്നതിനൊപ്പം മോശം ഫോമും റൊണാൾഡോയെ സ്വന്തമാക്കാനുള്ള മറ്റു ക്ലബുകളുടെ താൽപര്യം കുറക്കുമെന്നും താരം സീസൺ അവസാനിക്കുന്നതു വരെ ക്ലബിൽ തുടരുമെന്നുമാണ് ക്ലബ് നേതൃത്വം കരുതുന്നത്.