റൊണാൾഡൊക്കെതിരെ നടപടി, ഔദ്യോഗിക പ്രഖ്യാപനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ടോട്ടനം ഹോസ്‌പറിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരം അവസാനിക്കുന്നതിനു മുൻപ് മൈതാനം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ നടപടി സ്വീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. മുപ്പത്തിയേഴുകാരനായ താരം ശനിയാഴ്‌ച ചെൽസിക്കെതിരെ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ ഉണ്ടാവില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതിനു പുറമെ റൊണാൾഡോ ഒറ്റക്ക് പരിശീലനം നടത്തണമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിന്റെ അവസാനത്തെ മിനുട്ടുകളിലാണ് ഒരു പ്രൊഫെഷണൽ ഫുട്ബോൾ താരത്തിന് നിരക്കാത്ത പ്രവൃത്തി റൊണാൾഡോയുടെ ഭാഗത്തു നിന്നുമുണ്ടായത്. ആദ്യ ഇലവനിൽ ഉൾപ്പെടാതിരുന്ന താരം പകരക്കാരനായി പോലും അവസരം ലഭിക്കാത്തതിനെ തുടർന്ന് മത്സരം അവസാനിക്കുന്നതിനു മുൻപേ കളിക്കളം വിടുകയായിരുന്നു. ഇത് വ്യാപകമായ ചർച്ചകൾക്കു വിധേയമായതിനു പിന്നാലെയാണ് റൊണാൾഡൊക്കെതിരെ ക്ലബ് നടപടി സ്വീകരിച്ചത്.

“ശനിയാഴ്‌ച ചെൽസിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ റൊണാൾഡോ ടീമിന്റെ ഭാഗമായിരിക്കില്ല. ടീമിലെ മറ്റു താരങ്ങൾ മുഴുവനായും ആ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.” മാഞ്ചസ്റ്റർ യുണൈറ്റഡ് അൽപ്പസമയത്തിനു മുൻപ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു ക്ലബ് റൊണാൾഡൊക്കെതിരെ ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നത്.

റൊണാൾഡോയുടെ അഭാവത്തിൽ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കാഴ്‌ച വെച്ചത്. ടോപ് ഫോറിൽ നിൽക്കുന്ന ടീമായ ടോട്ടനം ഹോസ്പറിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയ അവർ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. എന്നാൽ റൊണാൾഡോയുടെ പ്രവൃത്തി ആ ജയത്തിന്റെ നിറം കെടുത്തിയെന്നു തന്നെ വേണം പറയാൻ.

ChelseaCristiano RonaldoEnglish Premier LeagueErik Ten HagManchester UnitedTottenham Hotspur
Comments (0)
Add Comment