ക്രിസ്റ്റൽ പാലസിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരം സംഭവബഹുലമായാണ് അവസാനിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും കസമീറോക്ക് എഴുപതാം മിനുട്ടിൽ ലഭിച്ച ചുവപ്പുകാർഡ് മത്സരത്തിന്റെ ഗതി മാറ്റേണ്ടതായിരുന്നു. അതിനു പിന്നാലെ ക്രിസ്റ്റൽ പാലസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പിന്നീട് ശക്തമായ പ്രതിരോധക്കോട്ട കെട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സ്വന്തമാക്കി.
മത്സരത്തിൽ ബ്രസീലിയൻ താരം ആന്റണിയെ ഒരു പാലസ് താരം വീഴ്ത്തിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കാസമേറോയുടെ ചുവപ്പുകാർഡിൽ അവസാനിച്ചത്. പ്രശ്നങ്ങൾക്കിടയിൽ പാലസ് മധ്യനിര താരമായ വില ഹ്യൂഗ്സിന്റെ കഴുത്തിൽ പിടിക്കുകയായിരുന്നു കസമീറോ. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം റഫറി കസമീറോക്ക് നേരിട്ട് ചുവപ്പുകാർഡ് നൽകി. കരിയറിൽ ആദ്യമായാണ് ബ്രസീലിയൻ താരം നേരിട്ട്ചുവപ്പുകാർഡ് നേടുന്നത്.
എന്നാൽ ഈ സംഭവത്തിൽ കസമീറോ കുറ്റക്കാരനല്ലെന്നും താരം മനഃപൂർവം ആരെയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇക്കാര്യത്തിൽ വാദിക്കുന്നത്. സംഭവത്തിന്റെ ഇടയിലേക്ക് പോയ കസമീറോ ആദ്യം ഹ്യൂഗ്സിന്റെ തോളിലാണ് കൈ വെക്കുന്നതെന്നും പിന്നീട് തിക്കിലും തിരക്കിലും കാരണം അത് കഴുത്തിലേക്ക് മാറുകയുമാണുണ്ടായത്. ഈ സംഭവങ്ങൾക്ക് ശേഷം ക്രിസ്റ്റൽ പാലസ് താരത്തെ ചിരിച്ചു കൊണ്ട് കെട്ടിപ്പുണരുന്ന കാസമീറോയുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
Watch until the end… Casemiro’s red card needs to get overturned! pic.twitter.com/5hdbbBd9zc
— ًEl. (@UtdEIIis) February 4, 2023
ഒരു ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടതു കൊണ്ട് മാത്രമാണ് കസമീറോക്ക് ചുവപ്പുകാർഡ് ലഭിച്ചതെന്നാണ് ആരാധകർ പറയുന്നത്. മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗും ഇതിനെതിരെ സംസാരിച്ചിരുന്നു. ഈ സംഭവത്തിൽ മൂന്നു മത്സരങ്ങളിൽ വരെ കസമീറോക്ക് വിലക്ക് ലഭിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ പുതിയ വീഡിയോ ക്ലിപ്പുകൾ പുറത്തു വന്നതിനാൽ കസമീറോയുടെ വിലക്കിനെതിരെ അപ്പീൽ പോകാൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.
🚨 NEW angle of the fight that led to Casemiro Red Card. 🇧🇷 pic.twitter.com/cI99DPBk1W
— UtdPlug (@UtdPlug) February 4, 2023