ലോകകപ്പ് ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തു പോയിരുന്നു. അതിനു പകരക്കാരനായ താരത്തെ അവർ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഇതുവരെയും അത് വിജയം കണ്ടില്ല. ലക്ഷ്യമിട്ട കോഡി ഗാക്പോയെ ലിവർപൂളും ജോവോ ഫെലിക്സിനെ ചെൽസിയും ടീമിന്റെ ഭാഗമാക്കി. എന്നാൽ ഇതിലൊന്നും തളരാതെ വിജയക്കുതിപ്പ് തുടരുകയാണ് ടീം. ഇന്നലെ ചാൾട്ടൻ അത്ലറ്റിക്കിനെതിരായ ഇഎഫ്എൽ കപ്പ് മത്സരം വിജയിച്ചതോടെ തുടർച്ചയായ ആറാമത്തെ മത്സരമാണ് ലോകകപ്പിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുന്നത്.
ചാൾട്ടൻ അത്ലറ്റിക്കിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ബ്രസീലിയൻ താരങ്ങളായ ഫ്രഡും ആന്റണിയുമാണ് ആദ്യ ഗോളിനു വേണ്ടി പ്രവർത്തിച്ചത്. ഇരുപത്തിയൊന്നാം മിനുട്ടിൽ ഫ്രഡിന്റെ അസിസ്റ്റിൽ നിന്നും ആന്റണി വല കുലുക്കി. അതിനു ശേഷം തൊണ്ണൂറു മിനുട്ടിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോളുകൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ തൊണ്ണൂറാം മിനുട്ടിലും ഇഞ്ചുറി ടൈമിലും പകരക്കാരനായിറങ്ങിയ മാർക്കോസ് രാഷ്ഫോഡ് വല കുലുക്കി. ഫാകുണ്ടോ പെല്ലസ്ട്രി, കസമീറോ എന്നിവരാണ് ഗോളുകൾക്ക് വഴിയൊരുക്കിയത്.
ലോകകപ്പ് ബ്രേക്കിനു ശേഷം ബേൺലി, നോട്ടിങ്ഹാം ഫോറസ്റ്റ്, വോൾവ്സ്, ബോൺമൗത്ത്, എവർട്ടൺ, ചാൾട്ടൻ അത്ലറ്റിക് എന്നീ ടീമുകളെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടത്. ഇത്രയും മത്സരങ്ങളിൽ നിന്നും പതിനഞ്ചു ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയപ്പോൾ ഒരൊറ്റ ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധം സുദൃഢമാണെന്ന് ഇത് തെളിയിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം യാതൊരു തരത്തിലും മുന്നേറ്റനിരയെ ബാധിച്ചിട്ടില്ലെന്നു മാത്രമല്ല, ടീം കൂടുതൽ ഒത്തിണക്കം കാണിക്കുന്നുമുണ്ട്.
Manchester United 3 – 0 Charlton | Match Highlights | #Carabaocup
— The Transfer Insider (@TransfersIntel) January 10, 2023
EtH’s men through to the semi final! 💫 #mufc pic.twitter.com/9uTockSxsj
കഴിഞ്ഞ സമ്മറിൽ ടീമിലെത്തിയ എറിക് ടെൻ ഹാഗ് ടീമിനെ ശരിയായ ദിശയിലൂടെയാണ് മുന്നോട്ടു നയിക്കുന്നതെന്ന് ഇപ്പോഴത്തെ മികച്ച പ്രകടനം വ്യക്തമാക്കുന്നു. റൊണാൾഡോയുടെ കാര്യത്തിലടക്കം ടെൻ ഹാഗ് എടുത്ത തീരുമാനം കൃത്യമായിരുന്നുവെന്ന് തെളിയിക്കാൻ അദ്ദേഹത്തിനായി. എന്നാൽ ലോകകപ്പിന് ശേഷം മികച്ച ടീമുകളെയൊന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടിട്ടില്ല. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുമ്പോൾ അതിലും വിജയം നേടി എല്ലാ ടീമുകൾക്കും മുന്നറിയിപ്പ് നൽകുകയെന്ന ലക്ഷ്യം കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടാകും.
🏴 Marcus Rashford marcou nos últimos 6 jogos pelo Manchester United:
— Footstats I2A (@Footstats) January 10, 2023
⚽️⚽️ vs Charlton
⚽️🅰️ vs Everton
⚽️ vs Bournemouth
⚽️ vs Wolves
⚽️🅰️ vs Nottingham Forest
⚽️ vs Burnley
Brilhante fase! pic.twitter.com/iZcV2Cvgqn
ലോകകപ്പിനു ശേഷം വിജയക്കുതിപ്പുമായി മുന്നേറുന്ന ടീമിൽ തകർപ്പൻ പ്രകടനം നടത്തുന്ന റാഷ്ഫോഡിനെ എടുത്തു പറയേണ്ടതാണ്. ഈ ആറു മത്സരങ്ങളിലും ഗോൾ നേടാൻ ഇംഗ്ലണ്ട് താരത്തിന് കഴിഞ്ഞു. അവസാനം കളിച്ച ആറു മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഇതേ ഫോം തുടരാൻ കഴിഞ്ഞാൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടങ്ങൾ സ്വന്തമാക്കും എന്നതിൽ സംശയമില്ല.