ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ താരമായ വിപി സുഹൈറിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ചാന്റുകൾ ഉയർത്തിയത് ചർച്ചകൾക്ക് വിധേയമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രവൃത്തി ശരിയല്ലെന്ന അഭിപ്രായം പലരും ഉയർത്തുകയും ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയും ചെയ്‌ത സാഹചര്യത്തിൽ ഇതേക്കുറിച്ച് ഔദ്യോഗിക പ്രസ്‌താവന അവർ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ താരമായാലും മലയാളി താരമായാലും അവർക്കെതിരെ ചാന്റുകൾ മുഴക്കുന്നത് തുടരുമെന്നാണ് മഞ്ഞപ്പട വ്യക്തമാക്കുന്നത്.
സ്വന്തം ടീമിന്റെ ഹോം മത്സരങ്ങളിൽ അവർക്ക് പിന്തുണ നൽകേണ്ടതും കളിയിൽ വിജയിക്കാനാവശ്യമായ അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യേണ്ടത് ഒരു ഫാൻ ക്ലബിന്റെ ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്വമാണെന്നു പറഞ്ഞ മഞ്ഞപ്പട അതാണ് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ ഗ്യാലറിയിൽ സംഭവിച്ചതെന്ന് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ മത്സരങ്ങളിലും ഇത് തുടരുമെന്നും തങ്ങളുടെ ടീമിന് വേണ്ടത്ര പിന്തുണയും ആത്മവിശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവർ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
ഇന്ത്യയെയോ കേരളത്തെയോ പ്രതിനിധീകരിക്കുന്ന ഏതൊരു താരത്തെയും അഭിനന്ദിക്കാൻ മഞ്ഞപ്പട മുന്നിൽ തന്നെയുണ്ടാകുമെങ്കിലും ക്ലബ് ഫുട്ബോളിൽ എത്തുമ്പോൾ ഇതിനു യാതൊരു പ്രസക്തിയുമില്ലെന്ന് അവർ പറയുന്നു. കളിക്കാരന്റെ പേരും നാടും ഉണ്ടാക്കിയ നേട്ടങ്ങളും പരിഗണിക്കാതെ മത്സരം തുടങ്ങി അവസാനം വരെ അവരെ ഒരു എതിരാളിയായി മാത്രമേ കാണൂവെന്നു പറഞ്ഞ അവർ ഇത് എതിരാളികളെ സമ്മർദ്ദത്തിലാക്കാനും സ്വന്തം ടീമിന് മേൽക്കൈ നേടിക്കൊടുക്കാനും സഹായിക്കുമെന്നും വ്യക്തമാക്കി.
Manjappada's statement on cyberbullying towards our members following the ISL's first match.#Manjappada #KoodeyundManjappada#StopCyberbullying#KBFC #YennumYellow pic.twitter.com/7z8xm3NHON
— Manjappada (@kbfc_manjappada) October 12, 2022
കഴിഞ്ഞ മത്സരത്തിൽ മലയാളി താരം വിപി സുഹൈറിനെതിരെ ഉയർത്തിയ ചാന്റുകളുടെ പേരിലുണ്ടായ വിമർശനങ്ങളെയും ഭീഷണികളെയും മഞ്ഞപ്പട ശക്തമായി അപലപിക്കുകയും അവരുടെ പ്രതിഷേധം വെളിപ്പെടുത്തുകയും ചെയ്‌തു. ഫുട്ബോൾ നിയമങ്ങളുടെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് സ്വന്തം ടീമിനെ മികച്ച രീതിയിൽ പിന്തുണയ്ക്കാനും എതിരാളികളെ തളർത്താനും വേണ്ടി ഒരു ഫാൻ ഗ്രൂപ്പ് എന്ന നിലയിൽ മഞ്ഞപ്പട എന്നും ശ്രമിക്കുമെന്നും അതിൽ നിന്ന് പുറകോട്ടു പോകില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മഞ്ഞപ്പടയുടെ ചാന്റുകളെ പേടിക്കുന്നില്ലെന്ന് മോഹൻ ബഗാന്റെ മലയാളി താരം ആഷിക് കുരുണിയാൻ പറഞ്ഞിരുന്നു. ഇന്നത്ത മത്സരത്തിൽ അതുകൊണ്ടു തന്നെ മുൻ ബംഗളൂരു താരത്തിനെതിരെ മഞ്ഞപ്പട ചാന്റുകൾ ഉയർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതേസമയം ഈ വിഷയത്തിൽ സമ്മിശ്രമായ അഭിപ്രായമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ളത്.