ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സിന്റേതാണ്, വീണ്ടും കാണാമെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മെസി

ബാഴ്‌സലോണക്കും അർജന്റീനക്കും ഒരു മെസിയുള്ളതു പോലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലും ഒരു മെസി ഉണ്ടായിരുന്നു. 2019 സീസണിൽ ടീമിലെത്തിയ കാമറൂൺ താരമായ റാഫേൽ മെസി ബൂളി തന്റെ പേരു കൊണ്ടും പ്രകടനം കൊണ്ടും വളരെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഒരു സീസണിൽ മാത്രമേ താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ചിട്ടുള്ളൂ.

കളിച്ചത് ഒരു സീസൺ മാത്രമാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിലെ ഓർമ്മകൾ കാമറൂൺ താരത്തിന്റെ മനസിൽ ഇപ്പോഴുമുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കുറിച്ചും ഇവിടുത്തെ ആരാധകർ നൽകുന്ന പിന്തുണയെക്കുറിച്ചും മെസി ബൂളി ആവേശത്തോടെ സംസാരിക്കുകയുണ്ടായി.

“കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരാണ്, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട വളരെ സ്പെഷ്യലാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നമ്മൾ വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു, എന്നും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം.” ഇതായിരുന്നു താരം പറഞ്ഞത്.

2019-20 സീസണിൽ മാത്രമാണ് മെസി ബൂളി കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ചത്. മികച്ച പ്രകടനം ടീമിനായി നടത്താൻ താരത്തിന് കഴിഞ്ഞിരുന്നു. പതിനേഴു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളാണ് മെസി ബൂളി കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ നേടിയത്. ആ സീസണിന് ശേഷം ക്ലബ് വിട്ട മെസി ബൂളി തിരിച്ചു വരാനുള്ള ആഗ്രഹമാണ് ഇപ്പോൾ പ്രകടിപ്പിക്കുന്നത്.

മുപ്പത്തിരണ്ടുകാരനായ മെസി ബൂളി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ചൈനയിലേക്കാണ് പോയത്. ചൈനീസ് ലീഗിൽ വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ച താരം നിലവിൽ കളിക്കുന്നത് എസ്ജെസേഡ് ഗോങ്ങ്ഫു എന്ന ക്ലബിന് വേണ്ടിയാണ്. ഡിസംബറോടെ ചൈനീസ് ക്ലബുമായുള്ള താരത്തിന്റെ കരാർ അവസാനിക്കാൻ പോവുകയാണ്.

Kerala Blasters
Comments (0)
Add Comment