ഇവാനെ തൊടുന്നത് ഞങ്ങളുടെ നെഞ്ചിൽ ചവുട്ടിയതിനു ശേഷം മാത്രം, ആരു കൈവിട്ടാലും സ്വന്തം പരിശീലകനെ ആരാധകർ കൈവിടില്ല

ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇറങ്ങിപ്പോന്നത് വളരെയധികം വിവാദങ്ങൾ ഉണ്ടാക്കിയ സംഭവമാണ്. ഇതേത്തുടർന്ന് ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും എന്തെങ്കിലും തരത്തിലുള്ള നടപടിയെക്കുറിച്ച് ആരും ഒന്നും പരാമർശിച്ചിട്ടില്ല.

അതിനിടയിൽ നടപടി പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെതിരെ മാത്രമായി ഒതുങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധകപ്പടയുടെ കരുത്ത് വലുതായതിനാൽ അതിനെതിരെ നീങ്ങുന്നത് ഗുണം ചെയ്യില്ലെന്നാണ് എഐഎഫ്എഫ് കരുതുന്നതെന്നും അതിനാൽ ടീമിനെ കളിക്കളത്തിൽ നിന്നും പിൻവലിപ്പിച്ച ഇവാനെ വിലക്കി നടപടികൾ ഒതുക്കാനാവും അവർ ശ്രമിക്കുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

എന്നാൽ ക്ലബിന്റെ പരിശീലകനെ വിലക്കാനുള്ള തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്‌മയായ മഞ്ഞപ്പട രംഗത്തു വന്നിട്ടുണ്ട്. പരിശീലകന് പിന്തുണ പ്രഖ്യാപിച്ച് #ISupportIvan എന്ന ഹാഷ്‌ടാഗ്‌ ക്യാമ്പയിനും അവർ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ഫോട്ടോസ്, വീഡിയോസ് എന്നിവ വഴി ഓരോ ആരാധകർക്കും തങ്ങളുടെ പിന്തുണ അറിയിച്ച് ഇവാനെതിരെ നടപടി എടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്താം.

ഇതുപോലൊരു മികച്ചപരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യൻ ഫുട്ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ല എന്നിരിക്കെ പ്രതികാരനടപടി ചിലരുടെ നിശ്ചിതതാല്പര്യങ്ങൾ സംരക്ഷിക്കാനെന്നുവേണം കരുതാനെന്ന് മഞ്ഞപ്പട തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇവാനെതിരായ നീക്കങ്ങൾ നടത്തി ക്ലബ്ബിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കൂടെയുണ്ടാകില്ലെന്നാണ് ആരാധകപ്പട വ്യക്തമാക്കുന്നത്.

Indian Super LeagueIvan VukomanovicKerala BlastersManjappada
Comments (0)
Add Comment