ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടിയാണ് ഇവാൻ ഇതു ചെയ്‌തത്‌, പരിശീലകനെ തൊട്ടു കളിക്കാൻ സമ്മതിക്കില്ല; ക്ലബിന് മുന്നറിയിപ്പുമായി മഞ്ഞപ്പട

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുമായി നടന്ന പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ടീമിനെക്കൊണ്ട് കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പൂർണ പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്‌മയായ മഞ്ഞപ്പട രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്‌താവനയിൽ പരിശീലകനെ ബലിയാടാക്കി രക്ഷപ്പെടാൻ ക്ലബ്ബിനെ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി.

“വളരെയധികം ബുദ്ധിമുട്ടേറിയ ദിനങ്ങളിലൂടെയാണ് നമ്മൾ കടന്നുപോയത്. മുൻപോട്ട് പോകുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷെ ഇപ്പോഴും ഞങ്ങൾ അടിവരയിട്ട് പറയുന്നു, ഞങ്ങൾ പൂർണമായും കോച്ചിനെ പിന്തുണക്കുന്നു. തിരികെ കേരളത്തിലെത്തിയ അദ്ദേഹത്തിന് കിട്ടിയ സ്വീകരണം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.”

“ഐഎസ്എല്ലിലെ ഏറ്റവും പ്രൊഫഷണൽ കോച്ചുമാരിൽ ഒരാളായ ഇവാൻ എടുത്ത തീരുമാനം കേവലം അന്നുനടന്ന സംഭവത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല, മറിച്ച് കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ എടുക്കപ്പെട്ടിട്ടുള്ള അനേകം തെറ്റായ തീരുമാനങ്ങൾക്കെതിരെയാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. റഫറി ക്രിസ്റ്റൽ ജോൺ ആ സന്ദർഭം ശരിയായി കൈകാര്യം ചെയ്യേണ്ടതായിരുന്നു.”

“ഈ സംഭവം അന്വേഷിച്ച AIFF കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഏക ഫുട്ബോളർക്ക് ഗോൾ നിലനിൽക്കില്ല എന്ന് തോന്നിയത്, മറ്റു നാലുപേർക്കും അങ്ങനെ തോന്നാതിരുന്നതും ഇതോടൊപ്പം കൂട്ടിചേർത്ത് വായിക്കേണ്ടതാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഐഎസ്എല്ലിലെ ടീമുകൾ റഫറിമാരുടെ ഇത്തരം തെറ്റായ തീരുമാനങ്ങൾ കാരണം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്, അനവധി കോച്ചുകൾ അത് ചൂണ്ടികാണിച്ചിട്ടുമുണ്ട്.”

“കനത്ത തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിയാമെങ്കിലും ഇത്തരമൊരു സംഭവം തെറ്റുകൾക്ക് അറുതിവരുത്തുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. ക്ലബിന് വേണ്ടിയാണ് ഇവാൻ ഇത്തരമൊരു പ്രവർത്തി ചെയ്തത്, ആയതിനാൽ അദ്ദേഹം തന്നെ ക്ലബ്ബിന്റെ അമരത്തിൽ തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി ക്ലബ്‌ അദ്ദേഹത്തിനൊപ്പം നിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”

“ഒപ്പം അദ്ദേഹത്തെ ബലിയാടാക്കാനുള്ള ശ്രമങ്ങൾക്കൊന്നും ഞങ്ങൾ കൂടെയുണ്ടാകില്ല എന്നും അതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല എന്നും അറിയിക്കുന്നു. റഫറികളുടെ നിലവാരം ഉയർത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബ്ബുകളുമെല്ലാം ആവശ്യത്തിൽകൂടുതൽ അനുഭവിച്ചുകഴിഞ്ഞു. ലീഗിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മൊത്തത്തിൽ അഴിച്ചുപണി നടത്തേണ്ടിയിരിക്കുന്നു.” മഞ്ഞപ്പട വ്യക്തമാക്കി.

Indian Super LeagueIvan VukomanovicKerala BlastersManjappada
Comments (0)
Add Comment