ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയൊരു സീസണിനു വേണ്ടി പുതിയൊരു പരിശീലകന് കീഴിൽ തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ സീസൺ ക്യാംപിനു മുന്നോടിയായി ചില കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഒരാഴ്‌ചക്കകം ഈ താരങ്ങൾ തായ്‌ലാന്റിലേക്ക് പ്രീ സീസണിനായി പോവുകയും ബാക്കി താരങ്ങൾ അവിടെ ചേരുകയും ചെയ്യും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം കൊച്ചിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയിൽ സ്റ്റാറെയുടെ രാജ്യമായ സ്വീഡനിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അദ്ദേഹത്തെ അമ്പരപ്പിച്ചു. സ്റ്റാറെക്ക് ഒരു സ്വീകരണം നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ കരുത്ത് കാണിച്ചത്.
📲 Mikael Stahre on IG 💛 #KBFC pic.twitter.com/IDRuO2FM6A
— KBFC XTRA (@kbfcxtra) June 26, 2024
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫാൻ ബേസായ മഞ്ഞപ്പടയാണ് മൈക്കൽ സ്റ്റാറെക്ക് സ്വീഡനിൽ സ്വീകരണം നൽകിയത്. ഇതിന്റെ ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. സ്റ്റാറെയും ഈ ചിത്രങ്ങൾ പങ്കു വെക്കുകയുണ്ടായി. വലിയൊരു യാത്രയുടെ തുടക്കം ഇങ്ങിനെയാകട്ടെയെന്നാണ് മഞ്ഞപ്പട ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്.
ഏതാനും പേർ മാത്രമാണ് സ്വാഗതം ചെയ്യാൻ ഉണ്ടായിരുന്നതെങ്കിലും അതൊരു വലിയ കാര്യമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ഫാൻ ബേസിനും കഴിയാത്ത കാര്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചെയ്‌തത്. ഇതോടെ ക്ലബിന്റെ ആരാധകരുടെ കരുത്ത് വലുതാണെന്ന് സ്റ്റാറെക്ക് മനസിലായിട്ടുണ്ടാകും. ഇനി കൊച്ചിയിൽ അതിനേക്കാൾ മികച്ച സ്വീകരണമാകും അദ്ദേഹത്തിന് ലഭിക്കുക.
ആരാധകരുടെ പ്രിയങ്കരനായ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായാണ് മൈക്കൽ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള അദ്ദേഹത്തിന്റെ വരവിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ഇതുവരെ നേടാൻ കഴിയാത്ത കിരീടം അദ്ദേഹത്തിന് നൽകാൻ കഴിയുമെന്ന് പലരും ഉറച്ചു വിശ്വസിക്കുന്നു.