മോശം പ്രകടനത്തിന്റെ പേരിൽ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കിയ ഒഴിവിലേക്ക് പുതിയ പരിശീലകനെ തേടുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ. കഴിഞ്ഞ ദിവസം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ള പരസ്യം ചെയ്‌തിരുന്നു. ഇതിനു വലിയ പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ചിലരിൽ നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം ഇതുവരെ ഇരുപതിലധികം പരിശീലകർ അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ നൽകിയവരിൽ ശ്രദ്ധേയമായ ചില പേരുകളുണ്ടെന്നും വ്യക്തമാക്കുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനും ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷിച്ചവരിൽ ഒരാളാണ്.
🚨🥇Trevor Morgan applied for Indian football team head coach role. 🏴 @Sportskeeda #KBFC pic.twitter.com/TwNWn6kb2z
— KBFC XTRA (@kbfcxtra) June 19, 2024
എഫ്‌സി ഗോവ പരിശീലകനായ മനോലോ മാർക്വസ്, പഞ്ചാബ് എഫ്‌സിയെ പരിശീലിപ്പിച്ച സ്റ്റേക്കോസ് വർഗറ്റിസ്, മുൻ കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ട്രെവർ മോർഗാൻ, മുൻ ബെംഗളൂരു പരിശീലകൻ സൈമൺ ഗ്രെയ്‌സൺ, മോഹൻ ബഗാൻ മാനേജർ അന്റോണിയോ ഹബാസ് എന്നിവരെല്ലാം ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷിച്ചവരിൽ ഉൾപ്പെടുന്നു.
ഇതിനു പുറമെ മാകോ പെസയൊലി, ആഷ്‌ലി വെസ്റ്റ്‌വുഡ്, ഓവൻ കോയൽ എന്നിവരും ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ അയച്ചിട്ടുണ്ട്. യൂറോപ്പിൽ നിന്നുള്ള പരിശീലകരാണ് അപേക്ഷിച്ചവരിൽ കൂടുതലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ സഹാചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ കഴിയുന്ന ഒരാളെയാണ് എഐഎഫ്എഫ് പരിഗണിക്കുന്നത്.
ഇന്ത്യൻ ഫുട്ബോളിൽ വളർച്ചയുണ്ടാക്കാൻ കഴിഞ്ഞാൽ ഏതു പരിശീലകനെ സംബന്ധിച്ചും അത് കരിയറിൽ വലിയൊരു വഴിത്തിരിവായിരിക്കും. അതാണ് നിരവധി അപേക്ഷകൾ വരുന്നതിന്റെ പ്രധാന കാരണം. എന്നാൽ ഒരുപാട് പരിമിതികളുടെ ഇടയിലാണ് ഇന്ത്യൻ ഫുട്ബോൾ എന്നതിനാൽ അതു മനസിലാക്കാൻ കഴിയുന്ന ഒരു പരിശീലകനെയാണ് നേതൃത്വം ഉന്നമിടുന്നത്.