മെസി ബാഴ്‌സയെ തഴഞ്ഞേക്കും, താരത്തിനായി യൂറോപ്യൻ ക്ലബുകളിൽ നിന്നു തന്നെ വമ്പൻ ഓഫർ | Lionel Messi

ലയണൽ മെസി അടുത്ത സീസണിൽ പിഎസ്‌ജി താരമായി ഉണ്ടാകില്ലെന്ന കാര്യത്തിൽ തീർച്ചയായി കഴിഞ്ഞിട്ടുണ്ട്. ക്ലബ് നൽകിയ സസ്‌പെൻഷനും പിഎസ്‌ജി ആരാധകർ ഉയർത്തുന്ന വിമർശനവുമെല്ലാം താരത്തെ ബാധിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ മെസി പിഎസ്‌ജിയിൽ തുടരാനുള്ള സാധ്യത അവശേഷിച്ചിരുന്നു എങ്കിലും ഇപ്പോൾ അത് തീരെ ഇല്ലാതായിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ മെസി എവിടെ കളിക്കുമെന്ന ചർച്ച ഉയരുന്നു.

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. താരത്തിനായി ക്ലബ് ശ്രമം നടത്തുകയുമുണ്ടായിട്ടുണ്ട്. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം മെസിയെ സ്വന്തമാക്കാനുള്ള പദ്ധതിക്ക് ലാ ലിഗ അനുമതി നൽകാൻ സാധ്യതയില്ല. എങ്കിലും പുതിയ വഴികൾ ക്ലബ് തേടുന്നുണ്ട്. അതിനും കഴിഞ്ഞില്ലെങ്കിൽ തന്റെ മുൻ ക്ലബ്ബിലേക്ക് വരാനുള്ള പദ്ധതികൾ ഒഴിവാക്കി മറ്റു ടീമുകളെ താരം പരിഗണിക്കും.

ലയണൽ മെസി സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിനു സാധ്യതയില്ല. പക്ഷെ സൗദി അറേബ്യയുടെ കീഴിലുള്ള പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് മെസിയെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സീസണിൽ പ്രീമിയർ ലീഗ് ടോപ് ഫോറിലേക്ക് എത്തിയാൽ താരം ന്യൂകാസിലിനെ തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതിനു വേണ്ടിയുള്ള ചർച്ചകളാവാം സൗദിയിൽ നടക്കുന്നത്.

ചെൽസി ലയണൽ മെസിക്ക് വേണ്ടി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമം നടത്തി അതിനു കഴിയാതിരുന്ന ചെൽസി മെസിയെ സ്വന്തമാക്കാനുള്ള അവസരം വെറുതെ കളയാൻ സാധ്യതയില്ല. എന്നാൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്ത ചെൽസിയിലേക്ക് മെസി ചേക്കേറാൻ സാധ്യതയില്ല. ഇതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ബാഴ്‌സലോണക്ക് തന്നെ സ്വന്തമാക്കാൻ കഴിയുമെങ്കിൽ അത് തന്നെയാകും മെസി സ്വീകരിക്കുക. എന്നാൽ ക്ലബിന്റെ പ്രതിസന്ധികളെക്കുറിച്ച് അറിയാവുന്ന താരം അതിനു വേണ്ടി അവസാനം വരെ കാത്തിരിക്കാൻ തയ്യാറായേക്കില്ല. നിലവിൽ ബാഴ്‌സയ്ക്ക് പുറമെ പ്രീമിയർ ലീഗ് ക്ലബുകൾ മാത്രമേ താരത്തിനായി രംഗത്തുള്ളൂ എങ്കിലും ഫ്രീ ഏജന്റാകുന്നതോടെ കൂടുതൽ ക്ലബുകൾ രംഗത്തു വരാനുള്ള സാധ്യതയുണ്ട്.

Lionel Messi May Snub Barcelona And Consider Other European Clubs

ChelseaFC BarcelonaLionel MessiNewcastle United
Comments (0)
Add Comment