റയൽ മാഡ്രിഡ് ആരാധകർ ഒരിക്കലും മറക്കാത്ത കൂട്ടുകെട്ടാണ് മാഴ്സലോയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ളത്. ക്രോസുകൾ കൃത്യമായി നൽകാൻ മാഴ്സലോയും അത് വലയിലേക്കെത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉള്ളതിന്റെ പിൻബലത്തിൽ നിരവധി കിരീടങ്ങൾ റയൽ മാഡ്രിഡ് നേടി. കളിക്കളത്തിൽ മാത്രമല്ല, അതിനു പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്, അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
റൊണാൾഡോ നേരത്തെ റയൽ മാഡ്രിഡ് വിട്ടെങ്കിലും മാഴ്സലോ കഴിഞ്ഞ സീസണു ശേഷമാണ് റയൽ മാഡ്രിഡ് വിടുന്നത്. അതിനു ശേഷം ഗ്രീസിലെ പ്രധാന ക്ലബുകളിൽ ഒന്നായ ഒളിമ്പിയാക്കോസിലാണ് താരം കളിച്ചിരുന്നത്. ഇപ്പോൾ ക്ലബുമായുള്ള കരാർ താരം റദ്ദാക്കിയെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഒരു വർഷത്തെ കരാറിൽ ഗ്രീസിലെത്തിയ താരം കരാർ അവസാനിക്കാൻ നാലു മാസം മാത്രം ബാക്കി നിൽക്കെയാണ് മാഴ്സലോ അത് റദ്ദാക്കുന്നത്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം മാഴ്സലോ ഇപ്പോൾ മാഡ്രിഡിലാണുള്ളത്. താരത്തിന് പരിക്കേറ്റുവെന്നും അതിൽ നിന്നും മോചിതനാകാൻ റയൽ മാഡ്രിഡ് സഹായിക്കാം എന്ന വാഗ്ദാനം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പരിക്കിൽ നിന്നും മോചിതനായതിനു ശേഷം മാഴ്സലോയുടെ അടുത്ത ലക്ഷ്യം റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ ആണെന്നും വാർത്തകളുണ്ട്. അൽ നസ്റിൽ ചേക്കേറുന്നതിനു മുൻപ് റൊണാൾഡോയും റയൽ മാഡ്രിഡിലാണ് പരിശീലനം നടത്തിയിരുന്നത്.
EXCL. Last night concrete talks started between Al Nassr and Marcelo, who is now a free agent after leaving Olympiakos. He could play again with his former team-mate and friend Cristiano Ronaldo. Understand negotiation is in progress. 🚨🇧🇷 #AlNassr #RealMadrid pic.twitter.com/oB0UBIspTH
— Luca Bendoni (@LucaBendoni) February 18, 2023
റൊണാൾഡോയുടെ കൂടെ മാഴ്സലോയെ അണിനിരത്തി റയൽ മാഡ്രിഡിലെ കൂട്ടുകെട്ട് വീണ്ടും സൃഷ്ടിക്കാൻ അൽ നസ്റിന് താൽപര്യമുണ്ട്. എന്നാൽ താരത്തിന്റെ പരിക്കിനെ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞതിനു ശേഷമേ അക്കാര്യത്തിൽ നടപടികൾ ഉണ്ടാവുകയുള്ളൂ. റയൽ മാഡ്രിഡ് ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം നടത്തി പരിക്ക് ഭേദമാക്കി അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഴ്സലോ റൊണാൾഡോക്കൊപ്പം വീണ്ടും ഒരുമിക്കുമെന്നാണ് കരുതേണ്ടത്.