നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ഇന്നലെ നടന്ന കറബാവോ കപ്പ് സെമി ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. സെമി ഫൈനൽ ആദ്യപാദത്തിൽ വലിയ വിജയം നേടിയതോടെ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിൽക്കുന്നത്. ഇതോടെ മൗറീന്യോ പരിശീലകനായതിനു ശേഷം ആദ്യത്തെ കിരീടം സ്വന്തമാക്കുന്നതിലേക്ക് കൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്തിരിക്കുന്നത്.
മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ മാർക്കസ് റാഷ്ഫോഡ് ആദ്യഗോൾ നേടി. കസമീറായിൽ പന്ത് സ്വീകരിച്ച താരം മധ്യവരക്കപ്പുറത്തു നിന്നും ഒറ്റക്ക് മുന്നേറി നാലോളം നോട്ടിങ്ഹാം ഫോറസ്റ്റ് താരങ്ങളെ മറികടന്നാണ് ഗോൾവല കുലുക്കിയത്. ലോകകപ്പിനു ശേഷം ഉജ്ജ്വല ഫോമിലാണ് താരം കളിക്കുന്നത്. ലോകകപ്പിന് ശേഷം പത്ത് മത്സരങ്ങളിൽ നിന്നും പത്ത് ഗോളുകൾ നേടിയ താരം ക്രിസ്റ്റൽ പാലസിനെതിരെ മാത്രമാണ് ഗോൾ നേടാതിരുന്നിരിക്കുന്നത്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലോണിൽ ടീമിലെത്തിച്ച വേഗോസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിന്റെ നാൽപത്തിയഞ്ചാം മിനുട്ടിൽ ഒരു റീബൗണ്ടിൽ നിന്നുമാണ് ഡച്ച് താരം തന്റെ ഗോൾ നേടിയത്. അരങ്ങേറ്റം നടത്തിയ കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം നടത്തിയ താരത്തിന് ആത്മവിശ്വാസം നൽകുന്നതായിരുന്നു ഈ ഗോൾ. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ബ്രൂണോ ഫെർണാണ്ടസും ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച വിജയം സ്വന്തമാക്കി.
MARCUS RASHFORD WHAT A RUN 🔥
— ESPN FC (@ESPNFC) January 25, 2023
His 10th goal in 10 games since the World Cup!! pic.twitter.com/iIXRLGwyfe
നോട്ടിങ്ഹാം ഫോറസ്റ്റിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ വിജയം നേടിയതോടെ ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരം ഓൾഡ് ട്രാഫോഡിലായതിനാൽ നോട്ടിങ്ഹാം ഫോറസ്റ്റ് ഒരു അട്ടിമറിയും നടത്താനിടയില്ല. ഫൈനലിൽ എത്തിയാൽ ന്യൂകാസിൽ യുണൈറ്റഡോ സൗത്താംപ്റ്റനോ ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. സെമി ഫൈനൽ ആദ്യപാദത്തിൽ സൗത്താംപ്റ്റനെതിരെ ന്യൂകാസിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.