അർജന്റീന അണ്ടർ 23 ടീമിനായി ഇന്ന് നടന്ന മത്സരത്തിൽ മാറ്റിയാസ് സൂളെ നേടിയ ഗോൾ വൈറലായി മാറുന്നു. മെക്സിക്കോയുടെ അണ്ടർ 23 ടീമിനെതിരെ ഇന്ന് രാവിലെ നടന്ന സൗഹൃദമത്സരത്തിലാണ് ഫുട്ബോൾ ആരാധകർ അവിശ്വസനീയതയോടെ കണ്ട ഗോൾ പിറന്നത്. മത്സരത്തിൽ അർജന്റീന രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടുകയും ചെയ്തു.
മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ തന്നെ തിയാഗോ അൽമാഡയുടെ പെനാൽറ്റി ഗോളിലൂടെ അർജന്റീന മുന്നിലെത്തി. അതിനു ശേഷം ഇരുപത്തിയഞ്ചാം മിനുട്ടിലാണ് മാറ്റിയാസ് സൂളെയുടെ ഗോൾ വരുന്നത്. അതിനു ശേഷം മെക്സിക്കോ രണ്ടു ഗോളുകൾ ആദ്യപകുതിയിൽ തന്നെ തിരിച്ചടിച്ചെങ്കിലും ലൂക്കാസ് ബെൽട്രൻ നേടിയ രണ്ടു ഗോളുകളിൽ അർജന്റീന വിജയം സ്വന്തമാക്കി.
Matías Soulé with a Puskas contender goal for Argentina U23 team! 🇦🇷pic.twitter.com/nuUgmTdSqy
— Roy Nemer (@RoyNemer) March 23, 2024
മാറ്റിയാസ് സൂളെ നേടിയ ഗോൾ അവിശ്വസനീയമായ ഒന്നായിരുന്നുവെന്നതിൽ സംശയമില്ല. വലതു വിങ്ങിൽ നിന്നും വന്ന ക്രോസ് താരത്തിന്റെ തൊട്ടു മുൻപിൽ കുത്തി ഒന്ന് ബൗൺസ് ചെയ്തിരുന്നു. ഏതൊരു താരവും തന്റെ വലതുകാലാണ് ഉപയോഗിക്കുകയെങ്കിൽ സൂളെ ആരും പ്രതീക്ഷിക്കാത്ത ഒരു നീക്കത്തിലൂടെ അത് ഇടതുകാൽ കൊണ്ട് വലയുടെ മൂലയിലേക്ക് തൊടുത്തു വിടുകയായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു അതെന്നതിനാൽ തന്നെ ഗോൾകീപ്പർക്ക് അനങ്ങാൻ പോലും സമയമുണ്ടായിരുന്നില്ല. ഫുട്ബോൾ ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള ഗോളുകളിൽ ഒന്നായിരുന്നു അത്. അത്രയും അവിശ്വസനീയമായ രീതിയിലാണ് താരത്തിന്റെ മൂവ്മെന്റുകൾ ഉണ്ടായിരുന്നത്. ഒരുപക്ഷെ പുഷ്കാസ് അവാർഡ് ഈ ഗോൾ നേടിയാലും അത്ഭുതമില്ല.
യുവന്റസ് താരമായ മാറ്റിയാസ് സൂളെ നിലവിൽ ഇറ്റലിയിലെ തന്നെ മറ്റൊരു ക്ലബായ ഫ്രോസിനോണിനു വേണ്ടി ലോണിൽ കളിക്കുകയാണ്. ഈ സീസണിൽ മിന്നുന്ന പ്രകടനം നടത്തുന്ന താരം സീരി എയിൽ പത്ത് ഗോളുകൾ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. വെറും ഇരുപത് വയസ് മാത്രം പ്രായമുള്ള താരം തന്റെ ഫോം അർജന്റീന ജേഴ്സിയിലും തുടരുകയാണ്.
Matias Soule Superb Goal For Argentina U23