ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റെന്നെസിന്റെ പക്കൽ നിന്നും ഞെട്ടിക്കുന്ന തോൽവിയാണു പിഎസ്ജി ഏറ്റുവാങ്ങിയത്. ലയണൽ മെസി, നെയ്മർ എന്നീ താരങ്ങൾ ആദ്യ ഇലവനിലും എംബാപ്പെ പകരക്കാരനായും ഇറങ്ങിയിട്ടും മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി വഴങ്ങുകയായിരുന്നു ഫ്രഞ്ച് ക്ലബ്. ഈ സീസണിൽ പിഎസ്ജി വഴങ്ങുന്ന രണ്ടാമത്തെ മാത്രം തോൽവിയാണ് ഇന്നലെയുണ്ടായത്. രണ്ടു തോൽവിയും ഈ മാസം നടന്ന മത്സരങ്ങളിലായിരുന്നു.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ പിഎസ്ജി ആക്രമണനിരയെ വളരെ സമർത്ഥമായാണ് റെന്നെസ് പ്രതിരോധം പൂട്ടിയത്. മെസിക്കും നെയ്മർക്കും അവരുടെ മികവ് പുറത്തെടുക്കാൻ കഴിയാതിരുന്ന മത്സരത്തിൽ ഏതാനും അവസരങ്ങൾ മാത്രമേ അവർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതേസമയം മത്സരത്തിൽ പിഎസ്ജിക്ക് ഏറ്റവും മികച്ച അവസരം ലഭിച്ചത് എംബാപ്പാക്ക് മെസി നൽകിയ പാസിൽ നിന്നായിരുന്നു. അത് തുലച്ചതിന്റെ പേരിൽ താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്.
മത്സരത്തിൽ റെന്നെസ് മുന്നിലെത്തി അഞ്ചു മിനുട്ട് മാത്രം പിന്നിട്ടപ്പോഴാണ് എംബാപ്പെക്ക് മികച്ചൊരു അവസരം ലഭിച്ചത്. മധ്യവരക്കപ്പുറത്തു നിന്നും ലയണൽ മെസി നൽകിയ പാസ് എംബാപ്പയേ തേടിയെത്തുമ്പോൾ ഗോൾകീപ്പർ മാത്രമാണ് താരത്തിന് മുന്നിലുണ്ടായിരുന്നത്. എന്നാൽ ലോകകപ്പിലെ ടോപ് സ്കോറർക്ക് ലക്ഷ്യം തെറ്റി. താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ആ അവസരം തുലച്ചതിനു ശേഷം പിന്നീടൊരു തിരിച്ചുവരവിന് പിഎസ്ജിക്ക് കഴിഞ്ഞില്ല.
Messi'den, Mbappe'ye inanılmaz pas ancak Mbappe'nin şutu dışarı gidiyor..pic.twitter.com/2yqJV5mdZR
— Epik Messi Anları (@epikmessianlari) January 15, 2023
മത്സരത്തിനു ശേഷം നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എംബാപ്പെ നഷ്ടപെടുത്തിയ അവസരത്തെ വിമർശിച്ചത്. ഒരു ലോകോത്തര അസിസ്റ്റാണ് താരം ഇല്ലാതാക്കിയതെന്ന് ഒരാൾ പറഞ്ഞപ്പോൾ ലയണൽ മെസി എല്ലായിപ്പോഴും തന്റെ നിലവാരത്തിന് ചേരാത്ത ഒരു ടീമിനൊപ്പമാണ് കളിക്കുകയെന്നാണ് മറ്റൊരാൾ പറഞ്ഞത്. ലയണൽ മെസിയുടെ മികവിനെ കൂടി എംബാപ്പെ ഇല്ലാതാക്കിയെന്നും താരത്തെ വിൽക്കണമെന്നും മറ്റൊരാൾ അഭിപ്രായപ്പെടുന്നു.
ആരാധകരുടെ വിമർശനങ്ങൾ ഉണ്ടെങ്കിലും പിഎസ്ജി മുന്നേറ്റനിര താളം കണ്ടെത്താൻ സാധ്യതയുണ്ട്. ലോകകപ്പിനു മുൻപ് യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് മെസിയും എംബാപ്പെയും നെയ്മറും. ലോകകപ്പിനു ശേഷം അവർ ആദ്യമായി കളിക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്. കൂടുതൽ മത്സരങ്ങളിൽ ഒരുമിച്ച് ഇറങ്ങുന്നതോടെ ഈ മുന്നേറ്റനിരക്ക് വീണ്ടും മികവ് കാണിക്കാൻ കഴിഞ്ഞേക്കും.