ബ്ലാസ്റ്റേഴ്‌സ് മധ്യനിരയെ തളർത്താൻ മുംബൈ സിറ്റി, രണ്ടു താരങ്ങളെ ലക്ഷ്യമിട്ട് നീക്കങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി ഓരോ ടീമുകളും തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. പുതിയ താരങ്ങളെ സ്വന്തമാക്കാനും നിലവിൽ ടീമിലുള്ളവരുടെ കരാർ പുതുക്കാനുമുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. പുതിയ സീസണിൽ പൊരുതാൻ മൊത്തത്തിൽ ഒരഴിച്ചുപണി തന്നെ ആവശ്യമായ ക്ലബുകളുമുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സും പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയുടെ നട്ടെല്ലൊടിക്കുന്ന നീക്കങ്ങൾ ഐഎസ്എൽ വമ്പന്മാരായ മുംബൈ സിറ്റി നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് മുംബൈ സിറ്റി നടത്തുന്നത്.

ഖേൽ നൗവിന്റെ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ യുവതാരങ്ങളായ വിബിൻ മോഹനൻ, ജിക്‌സൻ സിങ് എന്നിവരെ സ്വന്തമാക്കാനുള്ള പദ്ധതിയിലാണ് മുംബൈ സിറ്റിയുള്ളത്. കഴിഞ്ഞ സീസൺ അവസാനിച്ചപ്പോൾ മുതൽ മലയാളി താരമായ വിബിനിൽ മുംബൈ സിറ്റിക്ക് താൽപര്യമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ കളിച്ച് സീനിയർ ടീമിലെത്തിയ ഏറ്റവും മികച്ച താരമാണ് വിബിൻ മോഹനൻ. കഴിഞ്ഞ സീസണിൽ തന്റെ പ്രതിഭ തെളിയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യൻ ടീമിൽ കളിക്കാൻ വിബിനു കഴിയുമെന്നാണ് കഴിഞ്ഞ സീസണിലെ താരത്തിന്റെ പ്രകടനം വിലയിരുത്തി ഇതിഹാസതാരം ഐഎം വിജയൻ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ സീസണിൽ പരിക്കിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ച താരമാണെങ്കിലും ജീക്സൺ സിങ്ങും ബ്ലാസ്റ്റേഴ്‌സിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ രണ്ടു താരങ്ങളെയും ഒരുമിച്ച് സ്വന്തമാക്കിയാൽ അത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. മൈക്കൽ സ്റ്റാറെയുടെ ടീമിൽ ഇവർക്ക് രണ്ടു പേർക്കും ചെയ്യാൻ ഒരുപാടുണ്ടാകും എന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് ഈ താരങ്ങളെ വിട്ടുകൊടുക്കാനിടയില്ല.

Jeakson SinghKerala BlastersMumbai City FCVibin Mohanan
Comments (0)
Add Comment