ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മികച്ച പ്രകടനമാണ് മക്കാബി ഹൈഫക്കെതിരെ ലയണൽ മെസി കാഴ്ച വെച്ചത്. പിഎസ്ജി രണ്ടിനെതിരെ ഏഴു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും മെസി സ്വന്തമാക്കി. എംബാപ്പയും രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ മത്സരത്തിൽ നെയ്മർ, സോളാർ എന്നിവർ മറ്റു ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു. വിജയത്തോടെ ഗ്രൂപ്പിൽ നിന്നും നോക്ക്ഔട്ടിലേക്ക് മുന്നേറാൻ പിഎസ്ജിക്കായി.
മത്സരത്തിൽ നിറഞ്ഞാടിയ ലയണൽ മെസി പിഎസ്ജിക്കായി നേടിയ രണ്ടാമത്തെ ഗോളിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് മറികടക്കുകയും ചെയ്തു. പതിനെട്ടാം മിനുട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയ മെസി നാല്പത്തിനാലാം മിനുട്ടിൽ ബോക്സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെയാണ് വല കുലുക്കുന്നത്. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോളുകൾ ബോക്സിനു പുറത്തു നിന്നും നേടിയ താരമെന്ന റെക്കോർഡാണ് ലയണൽ മെസി റൊണാൾഡോയുടെ പക്കൽ നിന്നും സ്വന്തം പേരിലാക്കിയത്.
മക്കാബി ഹൈഫക്കെതിരെ ലയണൽ മെസി ഇറങ്ങുമ്പോൾ റൊണാൾഡോയും മെസിയും ഇരുപത്തിരണ്ടു ഗോളുകളാണ് ചാമ്പ്യൻസ് ലീഗിൽ ബോക്സിനു പുറത്തു നിന്നും നേടിയിരുന്നത്. എംബാപ്പെ നൽകിയ പാസിൽ രണ്ടു താരങ്ങളെ വെട്ടിച്ച് ലയണൽ മെസി ഗോൾ കണ്ടെത്തിയതോടെ ടൂർണമെന്റിൽ മെസിക്ക് ഇരുപത്തിമൂന്നു ഗോളുകളായി. ഈ സീസണിൽ ഇനിയും മത്സരങ്ങൾ പിഎസ്ജിക്കു കളിക്കാൻ ബാക്കിയുണ്ടെന്നിരിക്കെ ലയണൽ മെസി ഈ റെക്കോർഡ് വർധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
23 – Since his UEFA Champions League debut in 2004-05, Lionel Messi has scored more goals from outside the box than any other player in the competition (23, one more than Cristiano Ronaldo). Limitless. pic.twitter.com/oBBISQfgEj
— OptaJoe (@OptaJoe) October 25, 2022
ഈ സീസണിലിതു വരെ ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും ലയണൽ മെസി നേടിയിട്ടുണ്ട്. റൊണാൾഡോ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്നില്ലെന്നിരിക്കെ താരത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി മെസി തകർക്കാനുള്ള സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോളുകളെന്ന റൊണാൾഡോയുടെ റെക്കോർഡാണ് മെസിക്ക് തകർക്കാൻ കഴിയുക. റൊണാൾഡോ 140 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ കുറിച്ചിട്ടുള്ളപ്പോൾ മെസിക്കിപ്പോൾ 129 ഗോളുകളായി. ഈ സീസണിൽ അതു തകർക്കാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിൽ മെസിയതിനെ മറികടക്കുമെന്നതിൽ സംശയമില്ല.