ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ഗംഭീരപ്രകടനം നടത്തുന്ന ലയണൽ മെസി കഴിഞ്ഞ ദിവസമാണ് എംഎൽഎസിൽ അരങ്ങേറ്റം നടത്തിയത്. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ നടന്ന, ഇന്റർ മിയാമി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അറുപതാം മിനുട്ടിൽ പകരക്കാരനായാണ് ലയണൽ മെസി ഇറങ്ങിയത്. കളിയുടെ അവസാന നിമിഷത്തിൽ മനോഹരമായ ഒരു നീക്കത്തിനു ശേഷം മെസി നേടിയ ഗോൾ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു.
ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം മെസി കളിച്ച ആദ്യത്തെ ഏഴു മത്സരങ്ങളും ലീഗ്‌സ് കപ്പിലായിരുന്നു. അതിൽ കിരീടം സ്വന്തമാക്കിയ ഇന്റർ മിയാമി അതിനു പിന്നാലെ യുഎസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനലിലും ഇടം പിടിച്ചു. അതിനു ശേഷം ആദ്യമായി അമേരിക്കൻ ലീഗ് മത്സരത്തിനായി ഇറങ്ങിയ ലയണൽ മെസി അതിലും മികച്ച പ്രകടനം നടത്തി. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ താരം നിയമലംഘനം നടത്തിയെന്നും അതിനെതിരെ നടപടി ഉണ്ടാകുമെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ.
Lionel Messi broke MLS rules after debut goal against New York Red Bulls. pic.twitter.com/BQfJiESYMV
— SPORTbible (@sportbible) August 27, 2023
എംഎൽഎസിലെ നിയമങ്ങൾ പ്രകാരം ഓരോ മത്സരത്തിനു ശേഷവും ടീമിലെ താരങ്ങൾ മാധ്യമങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിനു ശേഷം ലയണൽ മെസി അതിനു തയ്യാറായില്ല. ഇതോടെ താരം എംഎൽഎസ് നിയമങ്ങൾ ലംഘിച്ചുവെന്ന് മിയാമി സ്പോക്‌സ് വുമണായ മോളി ഡ്രെസ്‌കയാണ് വെളിപ്പെടുത്തിയത്. എന്നാൽ താരത്തിനെതിരെ എന്തു നടപടിയാണ് എടുക്കുകയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.
ഇന്റർ മിയാമിയിൽ ഗംഭീര ഫോമിലാണ് ലയണൽ മെസി കളിച്ചു കൊണ്ടിരിക്കുന്നത്. ഒൻപത് മത്സരങ്ങൾ കളിച്ച താരം പതിനൊന്നു ഗോളുകൾ നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകിയ ലയണൽ മെസി അതിനു പുറമെ മറ്റൊരു ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്‌തു. ഇനിയും മികച്ച പ്രകടനങ്ങൾ മെസിയിൽ നിന്നും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
Messi Broke MLS Rule