എന്തിനാ മെസിയേ അമേരിക്കയിൽ പോയത്, എതിരാളികൾക്ക് തൊടാനാവാത്ത ഡ്രിബ്ലിങ് മികവു കാണിച്ച് അർജന്റീന താരം | Messi

ഓസ്‌ട്രേലിയക്കെതിരായ അന്താരാഷ്‌ട്ര സൗഹൃദ മത്സരം കഴിഞ്ഞപ്പോൾ ലയണൽ മെസി തന്നെയാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. മത്സരം തുടങ്ങി എൺപത്തിയൊന്നാം മിനുട്ടിൽ തന്നെ ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ടിലൂടെ അർജന്റീനയെ മുന്നിലെത്തിച്ച താരം അതിനു ശേഷം കളിയിലുടനീളം അർജന്റീന ടീമിനെ മുന്നോട്ടു കൊണ്ടു പോകുന്ന മിന്നുന്ന പ്രകടനമാണ് നടത്തിയത്.

മത്സരത്തിനു ശേഷം ലയണൽ മെസിയുടെ ഡ്രിബ്ലിങ് മികവിനെ കുറിച്ചാണ് ആരാധകർ ചർച്ച നടത്തുന്നത്. മത്സരത്തിൽ പലപ്പോഴും എതിരാളികളെ വെട്ടിച്ചു മുന്നേറിയിരുന്ന താരം ടീമിന്റെ രണ്ടാമത്തെ ഗോളിന് ശേഷം നടത്തിയ ഡ്രിബ്ലിങ് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. പന്തുമായി മുന്നേറുന്നതിനിടെ തനിക്ക് മുന്നിലെത്തിയ മൂന്നു ഓസ്‌ട്രേലിയൻ താരങ്ങളെ നാല് തവണയാണ് താരം മനോഹരമായി ഡ്രിബിൾ ചെയ്‌തത്‌.

ഡ്രിബിളിംഗിനു ശേഷം പന്ത് ലെഫ്റ്റ് വിങ്ങിലൂടെ കുതിച്ചു കൊണ്ടിരുന്ന ഗർനാച്ചോക്ക് മെസി കൈമാറിയെങ്കിലും താരത്തിന് ബോക്‌സിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല. മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്ന കാര്യത്തിലും സംശയമില്ല. ഇപ്പോഴും പന്ത് കാലിൽ ഒട്ടിച്ചു വെച്ചതു പോലെയെന്ന രീതിയിലാണ് മെസി കളിച്ചു കൊണ്ടിരിക്കുന്നത്.

ഈ മാസം മുപ്പത്തിയാറാം വയസിലേക്ക് പോകുമ്പോഴാണ് മെസി എതിരാളികളെ മൈതാനത്ത് വട്ടം കറക്കുന്നത്. ഇന്നത്തെ മത്സരത്തിലെ പ്രകടനം കണ്ടതോടെ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനുള്ള മെസിയുടെ തീരുമാനം വേണ്ടായിരുന്നുവെന്ന് ആരാധകർ പറയുന്നുണ്ട്. യൂറോപ്പിൽ ഇനിയും നിരവധി വർഷങ്ങൾ മാന്ത്രിക ചലനങ്ങളുമായി നിറഞ്ഞു നിൽക്കാൻ മെസിക്ക് കഴിഞ്ഞേനെ.

Messi Dribbling Skill Against Australia

ArgentinaAustraliaLionel Messi
Comments (0)
Add Comment