ഇന്നലെ ഇന്റർ മിയാമിയിൽ അരങ്ങേറ്റം കുറിച്ച ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ ഇലവനിൽ ഇല്ലാതിരുന്ന താരം രണ്ടാം പകുതിയിലാണ് കളത്തിലിറങ്ങിയത്. മുപ്പത്തിയഞ്ചു മിനുട്ടോളം കളിക്കളത്തിൽ ഉണ്ടായിരുന്ന താരമാണ് ഇഞ്ചുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി ഇന്റർ മിയാമിക്ക് വിജയം സ്വന്തമാക്കി നൽകിയത്. അതുകൊണ്ടു തന്നെ താരത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ഫുട്ബോൾ ലോകത്തു നിന്നും ലഭിക്കുന്നത്.
എന്നാൽ ആ ഗോൾ പിറന്നില്ലെങ്കിൽ പോലും മെസിയുടെ മാന്ത്രികത കണ്ട മത്സരമായിരുന്നു ഇന്നലെ നടന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്റർ മിയാമിക്കൊപ്പം താൻ ആദ്യമായാണ് കളിക്കുന്നതെന്ന് തോന്നിപ്പിക്കാത്ത രീതിയിലായിരുന്നു മെസി കളിച്ചിരുന്നത്. ആദ്യത്തെ മത്സരത്തിൽ തന്നെ ടീമുമായി ഇത്രയും ഒത്തിണക്കം കാണിക്കുന്ന താരം കൂടുതൽ മത്സരങ്ങൾ കഴിയുന്നതോടെ ഇതിനേക്കാൾ മെച്ചപ്പെടുമെന്നതിൽ സംശയമില്ല.
Lionel Messi vs Cruz Azul pic.twitter.com/lCxshdiUDZ
— 𝐄𝐑 (@ErlingRoIe) July 22, 2023
ലയണൽ മെസിയുടേതായ എല്ലാ മനോഹരമായ കാര്യങ്ങളും ഇന്നലത്തെ മത്സരത്തിൽ ഉണ്ടായിരുന്നു. ഡ്രിബിളിംഗുകളും ബോഡി ഫെയിന്റുകളും മികച്ച കീ പാസുകളും കൊണ്ട് താരം എതിർടീമിന്റെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു. ഗോളിലേക്ക് എത്തിക്കാൻ കഴിയുന്ന ഏതാനും അവസരങ്ങൾ താരം തുറന്നു കൊടുത്തെങ്കിലും അതൊന്നും മുതലാക്കാൻ ഇന്റർ മിയാമി താരങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിലും ഒടുവിൽ മെസി തന്നെ രക്ഷകനായി.
അരങ്ങേറ്റത്തിൽ തന്നെ വമ്പൻ പ്രകടനം നടത്തിയ ലയണൽ മെസിയുടെ അടുത്ത മത്സരം ലീഗിലെ മികച്ച ടീമുകളിൽ ഒന്നുമായിട്ടാണ്. ലീഗ് കപ്പിൽ തന്നെ അറ്റലാന്റ യുണൈറ്റഡിനെതിരെയാണ് ഇന്റർ മിയാമി കളിക്കുന്നത്. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഇന്റർ മിയാമിക്ക് ഇനി വരുന്ന മത്സരത്തിലും വിജയിക്കാൻ കഴിഞ്ഞാൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. മെസിയുടെ കാലുകൾ അതിനു സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Messi Inter Miami Debut Highlights