അർജന്റീന-പോളണ്ട് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലെവൻഡോസ്കി മെസിയെ ഫൗൾ ചെയ്തതും അതിനു ശേഷം പോളണ്ട് നായകൻ മെസിക്കു നേരെ കൈ നീട്ടിയപ്പോൾ താരം അത് ഗൗനിക്കാതെ നിന്നതുമെല്ലാം ഏവരും കണ്ടതാണ്. മെസിക്ക് ലെവൻഡോസ്കിയോട് കലിപ്പുണ്ടോ എന്ന സംശയം അതോടെ ആരാധകർക്ക് വന്നെങ്കിലും മത്സരത്തിന് ശേഷം രണ്ടു താരങ്ങളും പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ അതു തീർന്നു കിട്ടി.
ഒരിക്കൽ ബാഴ്സലോണ നായകനായിരുന്ന മെസിയും നിലവിൽ ബാഴ്സലോണയുടെ പ്രധാന താരമായ ലെവൻഡോസ്കിയും തമ്മിലാണ് ഈ സംഭാഷണം നടന്നത് എന്നതിനാൽ തന്നെ എന്തായിരിക്കും അവർ സംസാരിച്ചിരിക്കുക എന്ന കാര്യത്തിൽ ആരാധകർക്ക് കൗതുകം ഉണ്ടായിരുന്നു. രണ്ടു താരങ്ങളും അതേക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുകയും ചെയ്തു. എന്നാൽ അതേക്കുറിച്ച് കൃത്യമായൊരു ഉത്തരം രണ്ടു പേരും നൽകിയില്ല.
“മൈതാനത്ത് എന്തൊക്കെ സംഭവിച്ചാലും അതവിടെ തന്നെ തീരണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ള കാര്യം, ഡ്രസിങ് റൂമിൽ സംഭവിക്കുന്ന കാര്യങ്ങളും അങ്ങിനെ തന്നെയാണ്. ഞങ്ങൾ രണ്ടാളും സ്വകാര്യമായി പറഞ്ഞ കാര്യങ്ങൾ ഒരിക്കലും ഞാൻ പറഞ്ഞു നിങ്ങൾ അറിയാൻ പോകുന്നില്ല.” മത്സരത്തിന് ശേഷം മെസി പറഞ്ഞു. ലെവൻഡോസ്കിയുമായി തനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്ന് ഇതിലൂടെ മെസി വ്യക്തമാക്കുന്നു.
അതേസമയം മെസി പറഞ്ഞതിനെക്കുറിച്ചോ മെസിയോട് താൻ പറഞ്ഞതിനെ കുറിച്ചോ കൃത്യമായി ലെവൻഡോസ്കിയും മറുപടി നൽകിയില്ല. മത്സരത്തിൽ അതിഗംഭീരമായ പ്രകടനമാണ് മെസി നടത്തിയതെന്നും അതിനാൽ കളിക്കു ശേഷം താരത്തെ അഭിനന്ദിക്കാൻ വേണ്ടിയാണ് പോയതെന്നും പോളണ്ട് താരം പറഞ്ഞു. എന്തായാലും രണ്ടു താരങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഒന്നുമില്ലെന്ന് ഇതിലൂടെ മനസിലാക്കാൻ കഴിയും.