2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസി പിഎസ്ജിയിലേക്ക് അപ്രതീക്ഷിതമായി ചേക്കേറുന്നത്. സാമ്പത്തിക പ്രതിസന്ധികൾ മൂലം കരാർ പുതുക്കാൻ ബാഴ്സലോണക്ക് കഴിയാത്തതിനെ തുടർന്നാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. ചെറുപ്പം മുതൽ താൻ കളിച്ചു വളർന്ന ക്ലബിൽ നിന്നുമുള്ള അപ്രതീക്ഷിത വിടവാങ്ങൽ താരത്തെ മാനസികമായി ബാധിച്ചതും ഫ്രഞ്ച് ലീഗിലെ അന്തരീക്ഷവുമായി പെട്ടന്ന് പൊരുത്തപ്പെടാൻ കഴിയാതിരുന്നതും കഴിഞ്ഞ സീസണിൽ മെസിയുടെ പ്രകടനത്തെ വളരെയധികം ബാധിച്ചിരുന്നു.
ഫുട്ബോൾ ലോകത്തെ സൂപ്പർതാരമായ നിന്നിരുന്ന ലയണൽ മെസിയുടെ ഫോമിൽ ഇടിവു വന്നതോടെ താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. ബാഴ്സലോണയും സ്പെയിനും താരത്തിന്റെ സേഫ്സോൺ ആയിരുന്നുവെന്നും അവിടം വിട്ടതോടെ മെസിയൊരു സാധാരണ കളിക്കാരനായി മാറിയെന്നും പലരും അഭിപ്രായപ്പെട്ടു. ലയണൽ മെസിയെന്ന അസാമാന്യ പ്രതിഭയുടെ കരിയറിൽ ഇറക്കം സംഭവിച്ചു തുടങ്ങിയെന്ന നിരീക്ഷണവും പലരും നടത്തുകയുണ്ടായി.
എന്നാൽ തനിക്കെതിരായ വിമർശനങ്ങളെ നിഷ്പ്രഭമാക്കി ഈ സീസണിൽ പിഎസ്ജിക്കു വേണ്ടി തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്. ടീമുമായി കൂടുതൽ ഇണങ്ങിച്ചേരുകയും കളിക്കളത്തിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്താൽ ഏറ്റവും മികച്ച പ്രകടനം തനിക്ക് നടത്താൻ കഴിയുമെന്നു തെളിയിക്കാൻ ഈ സീസണിൽ മെസിക്ക് കഴിഞ്ഞു. ഇപ്പോൾ സെപ്തംബറിൽ ഫ്രഞ്ച് ലീഗിലെ മികച്ച താരമായും അർജന്റീന നായകൻ തിരഞ്ഞെടുക്കെപ്പെട്ടിരിക്കുന്നു.
🏆 Lionel Messi has been named as the September Ligue 1 Player of the Month! pic.twitter.com/m5BTEWOpIF
— Roy Nemer (@RoyNemer) October 20, 2022
ഈ സീസണിലിതു വരെ എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് പിഎസ്ജിക്കു വേണ്ടി മെസി സ്വന്തമാക്കിയിരിക്കുന്നത്. സെപ്തംബർ മാസത്തിലാണ് ഇതിലെ അഞ്ച് അസിസ്റ്റുകളും പിറന്നിരിക്കുന്നത്. ഇതിനു പുറമെ ഒരു ഗോൾ നേടാനും താരത്തിന് കഴിഞ്ഞു. ലീഗ് വണിലെ മാത്രം പ്രകടനമാണിത്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മെസി അർജന്റീനക്കു വേണ്ടി രണ്ടു മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും സ്വന്തമാക്കി.
ഈ സീസണിലെ ലയണൽ മെസിയുടെ തകർപ്പൻ പ്രകടനം ആരാധകർക്ക് ചെറുതല്ലാത്ത ആശ്വാസമാണ് നൽകുന്നത്. പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടാമെന്ന പ്രതീക്ഷ നൽകുന്നതിനൊപ്പം അർജന്റീനയുടെ ലോകകപ്പ് സാധ്യതകളെയും ഇതു വർധിപ്പിക്കുന്നു.